ക്രിസ്റ്റല്‍ ക്ലിയര്‍... സിറ്റിയെ കീഴടക്കി ക്രിസ്റ്റൽ എഫ്എ കപ്പ് സ്വന്തമാക്കി
Monday, May 19, 2025 1:22 AM IST
ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോള്‍ 2024-25 സീസണ് കിരീടം ക്രിസ്റ്റല്‍ പാലസിന്. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് ക്രിസ്റ്റല്‍ പാലസ് എഫ്എ കപ്പില്‍ ചുംബിച്ചത്. 16-ാം മിനിറ്റില്‍ എബെറെച്ചി എസെ നേടിയ ഗോള്‍ രണ്ടു ടീമുകളെയും തമ്മില്‍ വേര്‍തിരിച്ചു.
ഒരു പെനാല്‍റ്റി ഉള്‍പ്പെടെ തുലച്ച് മാഞ്ചസ്റ്റര്‍ സിറ്റിക്കാര് തോല്‍വി ഇരന്നു വാങ്ങുകയായിരുന്നു എന്നതാണ് വാസ്തവം. 36-ാം മിനിറ്റിലായിരുന്നു ഒമര്‍ മര്‍മൂഷ് എടുത്ത പെനാല്‍റ്റി ക്രിസ്റ്റല്‍ പാലസ് ഗോള്‍ കീപ്പര്‍ ഹെന്ഡേഴ്സണ് രക്ഷപ്പെടുത്തിയത്. മത്സരഗതിക്ക് എതിരായ ഗോളിന്റെ ലീഡുമായി ക്രിസ്റ്റല്‍ ആദ്യ പകുതി അവസാനിപ്പിച്ചു.
വെംബ്ലി സ്റ്റേഡിയത്തില്‍ നിറഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റി ആരാധകരെ ഞെട്ടിച്ച് 58-ാം മിനിറ്റില്‍ ക്രിസ്റ്റല്‍ പാലസ് രണ്ടാം തവണയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വല കുലുക്കി. എന്നാല്‍, വിഎആറിനുശേഷം റഫറി ഗോള്‍ നിഷേധിച്ചു.
119 വര്‍ഷം; കന്നിക്കിരീടം
119 വര്‍ഷത്തിന്റെ പാരമ്പര്യമുള്ള ക്ലബ്ബാണ് ക്രിസ്റ്റല്‍ പാലസ് എഫ്സി. 1905 സെപ്റ്റംബര്‍ 10നാണ് ഈ സൗത്ത് ലണ്ടന്‍ ക്ലബ് രൂപംകൊണ്ടത്. നാളിതുവരെയായി ഒരു സുപ്രധാന ട്രോഫിയില്‍ ചുംബിക്കാന്‍ ദ ഈഗിള്‍സ്, ദ ഗ്ലാസിയേഴ്സ് എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന ക്രിസ്റ്റല്‍ പാലസിനു സാധിച്ചിരുന്നില്ല. 119 വര്‍ഷത്തിനിടെ ക്രിസ്റ്റല്‍ പാലസ് എഫ്സി സ്വന്തമാക്കുന്ന കന്നി സുപ്രധാന ട്രോഫിയാണ് 2024-25 സീസണ് എഫ്എ കപ്പ്.
2012-13 സീസണിലെ എഫ്എ കപ്പ് സ്വന്തമാക്കി വിഗാന് അത്ലറ്റിക്കും ക്ലബ് ചരിത്രത്തിലെ സുപ്രധാന ട്രോഫി സ്വന്തമാക്കിയിരുന്നു. എഫ്എ കപ്പ് സ്വന്തമാക്കുന്ന 45-ാമത് ടീമാണ് ക്രിസ്റ്റല്‍ പാലസ് എഫ്സി.
എഫ്എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുന്നത് ഇത് ഏഴാം തവണയാണ്. സിറ്റിക്കാരുടെ തുടര്‍ച്ചയായ രണ്ടാം എഫ്എ കപ്പ് ഫൈനല്‍ തോല്‍വിയും. 2016-17നുശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു ആഭ്യന്തര ട്രോഫിയും ഇല്ലാതെ ഒരു സീസണ് അവസാനിപ്പിക്കേണ്ടിവരുന്നത്.