ട്രിപ്പിൾ ഇംപാക്ട് ; ഗുജറാത്തിനൊപ്പം ബംഗളൂരു, പഞ്ചാബ് ടീമുകളും പ്ലേ ഓഫിൽ
Monday, May 19, 2025 1:22 AM IST
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണിൽ സെഞ്ചുറിയിൽ ഡബിൾ ഇംപാക്ടായി സായ് സുദർശനും കെ.എൽ. രാഹുലും. രാഹുലിന്റെ (112*) സെഞ്ചുറിയിൽ 199 റൺസ് കെട്ടിപ്പടുത്ത ഡൽഹി ക്യാപ്പിറ്റൻസിന് സായ് സുദർശൻ (108*) അതേനാണയത്തിൽ തിരിച്ചടി നൽകി. സായ് സുദർശന് ഒപ്പം സെഞ്ചുറിയോളം കരുത്തുള്ള ഇന്നിംഗ്സുമായി ശുഭ്മാൻ ഗില്ലും (93 നോട്ടൗട്ട്) ചേർന്നതോടെ ഗുജറാത്ത് ടൈറ്റൻസ് 10 വിക്കറ്റ് ജയം സ്വന്തമാക്കി. 61 പന്തിൽ 12 ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു സായ് സുദർശന്റെ ഇന്നിംഗ്സ്. 53 പന്തിൽ ഏഴ് സിക്സും മൂന്നു ഫോറും ഗില്ലിന്റെ ബാറ്റിൽനിന്നു പിറന്നു.
ഗുജറാത്ത്, ബംഗളൂരു, പഞ്ചാബ്
10 വിക്കറ്റ് ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് ബെർത്ത് സ്വന്തമാക്കി. മാത്രമല്ല, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിംഗ്സ് ടീമുകളെയും തങ്ങളുടെ ജയത്തിലൂടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിലേക്ക് എത്തിച്ചെന്നതും ശ്രദ്ധേയം. ശേഷിക്കുന്ന ഒരു പ്ലേ ഓഫ് സ്ഥാനത്തിനായി മുംബൈ ഇന്ത്യൻസും ഡൽഹിയുമാണ് പോരാട്ട രംഗത്തുള്ളത്.
രാഹുല്‍ സെഞ്ചുറി
കെ.എല്‍. രാഹുലിന്റെ സെഞ്ചുറിയാണ് ഡല്‍ഹി ക്യാപ്പിറ്റന്‍സിന്റെ ഇന്നിംഗ്സിനു കരുത്തായത്. 65 പന്തില്‍ 14 ഫോറും നാലു സിക്സും അടക്കം 112 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നു.

ഐപിഎല്‍ 2025 സീസണില്‍ സെഞ്ചുറി നേടുന്ന ആദ്യ വലംകൈ ബാറ്ററാണ് കെ.എല്‍. രാഹുല്‍. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ് രാഹുലിന്റെ 112 നോട്ടൗട്ട്. അഭിഷേക് പോറല്‍ (19 പന്തില്‍ 30), അക്സര്‍ പട്ടേല്‍ (16 പന്തില്‍ 25), ട്രിസ്റ്റണ്‍ സ്റ്റബ്സ് (10 പന്തില്‍ 21 നോട്ടൗട്ട്) എന്നിവരും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്കോറിംഗിനു കരുത്തേകി.
റിക്കാര്‍ഡ് രാഹുല്‍
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിനേടിയ വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡ് കെ.എല്‍. രാഹുല്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ 81 ഇന്നിംഗ്സിലാണ് രാഹുല്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ റോളില്‍ എത്തിയത്.
ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ (ഏഴ്) മൂന്നാം സ്ഥാനത്തും രാഹുല്‍ എത്തി. ഐപിഎല്ലില്‍ മാത്രം അഞ്ച് സെഞ്ചുറി രാഹുലിനുണ്ട്. വിരാട് കോഹ്ലി (9), രോഹിത് ശര്‍മ (8) എന്നിവരാണ് ആദ്യരണ്ടു സ്ഥാനങ്ങളില്‍. അഭിഷേക് ശര്‍മയ്ക്കും ഏഴ് സെഞ്ചുറിയുണ്ട്.
രാഹുൽ 8000; ഗിൽ 5000
സെഞ്ചുറി ഇന്നിംഗ്സിലൂടെ ട്വന്റി-20 കരിയറിൽ 8000 റൺസ് ക്ലബ്ബിലും രാഹുൽ എത്തി. ഇന്ത്യക്കാരിൽ അതിവേഗം 8000 ട്വന്റി-20 റൺസ് എന്ന റിക്കാർഡും രാഹുൽ കുറിച്ചു. 224-ാം ഇന്നിംഗ്സിലാണ് രാഹുലിന്റെ 8000 റൺസ്. 243 ഇന്നിംഗ്സിൽ ഈ നേട്ടത്തിലെത്തിയ വിരാട് കോഹ്ലി ഇതോടെ രണ്ടാം സ്ഥാനത്തേക്കിറങ്ങി.
ട്വന്റി-20 കരിയറിൽ ശുഭ്മാൻ ഗിൽ 5000 റൺസ് തികച്ചു. അതിവേഗം 5000 ക്ലബ്ബിൽ എത്തുന്ന ഇന്ത്യക്കാരിൽ രണ്ടാം സ്ഥാനവും ഗിൽ സ്വന്തമാക്കി. 154-ാം ഇന്നിംഗ്സിലാണ് ഗിൽ ഈ നേട്ടത്തിലെത്തിയത്. 143 ഇന്നിംഗ്സിൽ 5000 ക്ലബ്ബിലെത്തിയ കെ.എൽ. രാഹുലിന്റെ പേരിലാണ് റിക്കാർഡ്.