ഐപിഎല്‍: മഴ കവര്‍ന്നു
Sunday, May 18, 2025 12:36 AM IST
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റ് സീസണിൽ ഒന്‍പതു ദിവസത്തെ ഇടവേളയ്ക്കുശേഷം നടന്ന ആദ്യ മത്സരം ഒരു പന്തു പോലും എറിയാൻ സാധിക്കാതെ ഉപേക്ഷിച്ചു.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടക്കേണ്ട 58-മത് മത്സരമാണ് ശക്തമായ മഴയെ തുടർന്ന് ഉപേക്ഷിച്ചത്. ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കിട്ടു. പ്ലേ ഓഫിലേക്ക് ഒരു പടികൂടി അടുത്ത് 17 പോയിന്റുമായി ഗുജറാത്തിനെ മറികടന്ന് ബംഗളൂരു ഒന്നാമതെത്തി.
എന്നാൽ നിലവിലെ ചാന്പ്യൻമാരായ കോൽക്കത്ത പ്ലേ ഓഫ് കടക്കാതെ പുറത്തായി. ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിച്ചിരുന്ന ബംഗളൂരുവിന് ഇനിയും കാത്തിരിക്കണം. പ്ലേ ഓഫിലെത്താൻ കോൽക്കത്തയ്ക്ക് ഇനിയുള്ള മത്സരങ്ങളിൽ വലിയ മാർജിനിൽ ജയിക്കണമെന്നിരിക്കേയാണ് മത്സരം മഴ കവർന്നത്.