എഫ്എ കപ്പ്; ക്രിസ്റ്റൽ പാലസിന് ആദ്യ കിരീടം
Sunday, May 18, 2025 12:36 AM IST
ലണ്ടൻ: ചരിത്രം കുറിച്ച് ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ കിരീടം ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് ഒന്പതിന് കിക്കോഫ് ചെയ്ത മത്സരത്തിൽ 1-0 സ്കോറിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ക്രിസ്റ്റൽ പാലസിന്റെ ജയം.
എഫ്എ കപ്പ് 144-ാമത് കിരീടമാണ് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ക്രിസ്റ്റൽ പാലസുയർത്തിയത്. 119 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വലിയ കിരീടം നേടുകയെന്ന സ്വപ്നമാണ് പാലസ് യാഥാർഥ്യമാക്കിയത്. മുന്പ് രണ്ട് തവണ ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിലും പാലസിന് കിരീടം ഉയർത്താൻ സാധിച്ചില്ല.
അതേസമയം തുടർച്ചയായ മൂന്നാം ഫൈനലിനിറങ്ങിയ മാഞ്ചസ്റ്റർ സിറ്റി തുടക്കം മുതൽ പന്തടക്കംകൊണ്ടു കളി നിയന്ത്രിച്ചു. തുടരെ ഷോട്ടുകൾ തൊടുത്തുവെങ്കിലും ക്രിസ്റ്റൽ പാലസിന്റെ ഗോൾ കീപ്പർ ഡീൻ ഹെൻഡേഷ്സനെ മറികടന്ന് വല കുലുക്കാൻ സാധിച്ചില്ല. അതേസമയം ലഭിച്ച അവസരം ലക്ഷ്യം കണ്ട് ക്രിസ്റ്റൽ പാലസിന്റെ എബറെച്ചി എസെ പതിനാറാം മിനിറ്റിൽ മാഞ്ചസ്റ്ററിനെ ഞെട്ടിച്ച് ലീഡ് നേടി.
33-ാം മിനിറ്റിൽ ഒപ്പമെത്താൻ ലഭിച്ച സുവർണാവസരം മാഞ്ചസ്റ്റർ നഷ്ടപ്പെടുത്തിയതും ആരാധകരെ നിരാശരാക്കി. ക്രിസ്റ്റൽ പാലസിന്റെ ടൈറിക് മിച്ചൽ ബർണാണ്ടോ മാഞ്ചസ്റ്ററിന്റെ സിവയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയെടുത്ത ഈജിപ്ത്യൻ സ്ടൈക്ക്രർ ഒമർ മർമൗഷിന്റെ ഷോട്ട് ഗോൾ കീപ്പർ ഡീൻ ഹെൻഡേഷ്സൻ വലതുകൈകൊണ്ട് തട്ടിയകറ്റി.
ഗോളിനായി അവസാന നിമിഷം വരെ സിറ്റി ശ്രമിച്ചെങ്കിലും ക്രിസ്റ്റൽ പാലസ് വഴങ്ങിയില്ല. അവസാന പത്ത് മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറിയ സിറ്റി 2023ലാണ് അവസാനമായി എഫ്എ കപ്പ് വിജയിച്ചത്. തൊട്ടടുത്ത വർഷം ഫൈനലിലെത്തിയെങ്കിലും കിരീടം നേടാൻ സാധിച്ചില്ല.
പെപ് ഗ്വാർഡിയോളയുടെ കീഴിൽ ഒരു കിരീടം പോലുമില്ലാതെ മാഞ്ചസ്റ്റർ സിറ്റി സീസണ് അവസാനിപ്പിച്ചപ്പോൾ 2016-17ന് ശേഷം ഒരു ട്രോഫി പോലുമില്ലാത്ത സീസണ് സിറ്റിക്കുണ്ടാകുന്നത് ആദ്യമെന്നതും ശ്രദ്ധേയം.