കുതിപ്പിൽ നാളികേരോത്പന്നങ്ങൾ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, May 19, 2025 1:21 AM IST
നാളികേരോത്പന്നങ്ങളുടെ വില സർവകാല റിക്കാർഡിൽ, രാജ്യാന്തര തലത്തിൽ കൊപ്രയും വെളിച്ചെണ്ണയും രൂക്ഷമായ ചരക്ക് ക്ഷാമത്തിൽ. ഹൈറേഞ്ചിലെയും വയനാട്ടിലെയും കർഷകരെ മോഹിപ്പിച്ച് കുരുമുളക് തിരിച്ചുവരവിന് ശ്രമം നടത്തി. ഹ്രസ്വകാലയളവിലേക്ക് മുന്നേറാൻ ഒസാക്കയിൽ റബർ അണിറയ നീക്കത്തിൽ, ഉത്പാദക രാജ്യങ്ങൾ ടാപ്പിംഗ് സീസണിനും ഒരുങ്ങി. സ്വർണത്തിൽ ശക്തമായ ചാഞ്ചാട്ടം.
ആഗോള നാളികേരോത്പന്ന വിപണി ശക്തമായ തലങ്ങളിലേക്ക് ചുവടുവയ്ക്കുന്നു. മുഖ്യ ഉത്പാദക രാജ്യങ്ങളിൽ തേങ്ങയ്ക്ക് അനുഭവപ്പെട്ട കടുത്ത ക്ഷാമം വ്യവസായ മേഖലയെ വില ഉയർത്തി ചരക്ക് സംഭരിക്കാൻ പ്രേരിപ്പിച്ചു. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യത കുറവാണ്. ഉത്പാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല.
കേരം തിങ്ങും കേരളനാട്ടിൽ നാളികേരത്തിനായി ചെറുകിട മില്ലുകാർ പരക്കംപായുമ്പോൾ പാചക ആവശ്യങ്ങൾക്കുള്ള തേങ്ങയുടെ വില കുതിച്ചത് കുടുംബ ബജറ്റ് താറുമാറാക്കുന്നു. ചെറുകിട വിപണികളിൽ പച്ചത്തേങ്ങ കിലോഗ്രാമിന് 70 രൂപയിലേക്ക് കയറി. പ്രദേശിക തേങ്ങ വാങ്ങി നാടൻ വെളിച്ചെണ്ണ വിപണിയിൽ ഇറക്കുന്ന സംസ്ഥാനത്തെ ചെറുകിട മില്ലുകാർ കടുത്ത പ്രതിസന്ധിയിലാണ്.
ഉയർന്ന വിലയ്ക്ക് ശേഖരിക്കുന്ന തേങ്ങ കൊപ്രയാക്കി ആട്ടുമ്പോൾ വെളിച്ചെണ്ണ വില 350ലേക്ക് ചുവടുവയ്ക്കും. ഇത്ര ഉയർന്ന വിലയ്ക്ക് ആവശ്യക്കാർ കുറഞ്ഞത് ഉത്പാദനം ചുരുക്കാൻ മില്ലുകാരെ നിർബന്ധിതരാക്കി. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും നാളികേരത്തിന് ആവശ്യക്കാരുണ്ട്. വിളവെടുപ്പ് പുരോഗമിക്കുന്ന തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം വിളവ് ചുരുങ്ങിയസ്ഥിതി വിട്ടുമാറാൻ മാസങ്ങൾതന്നെ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനാൽ പാം ഓയിൽ അടക്കമുള്ള പാചകയെണ്ണകളുടെ ഇറക്കുമതി ചുരുങ്ങിയതും വെളിച്ചെണ്ണയ്ക്ക് പ്രദേശിക ഡിമാൻഡ് ഉയർത്തി. മറ്റ് സംസ്ഥാനങ്ങളിലും വെളിച്ചെണ്ണയ്ക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് ആവശ്യക്കാരുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ കൊപ്ര വില ഉയർന്നതിനാൽ ഇന്ത്യൻ വ്യവസായികൾ കൊപ്ര ഇറക്കുമതി ചുരുക്കി. ബഹുരാഷ്ട്ര കന്പനികൾ എണ്ണ കയറ്റുമതിക്ക് അനുസൃതമായി വിദേശ കൊപ്രയും പിണ്ണാക്കും വൻതോതിൽ ഇറക്കുമതി നടത്തുന്നുണ്ട്. കൊച്ചിയിൽ വെളിച്ചെണ്ണ സർവകാല റിക്കാർഡായ 27,900 രൂപയിലും കൊപ്ര 18,200 രൂപയിലുമാണ്.
തിരിച്ചുവരവിന് കുരുമുളക്
ഇന്ത്യൻ കുരുമുളക് കനത്ത വിലത്തകർച്ചയിൽ നിന്നും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. പിന്നിട്ട മൂന്നാഴ്ചകളിലെ വിലത്തകർച്ച ഉത്പാദകരെയും വൻകിട ചെറുകിട സ്റ്റോക്കിസ്റ്റുകളെയും ഒരുപോലെ പിരിമുറുക്കത്തിലാക്കി. തുടർച്ചയായ ദിവസങ്ങളിൽ വില ഇടിഞ്ഞതോടെ കർഷകർ വില്പന നിയന്ത്രിച്ചത് ചെറുകിട വിപണികളിൽ ചരക്ക് ക്ഷാമത്തിന് ഇടയാക്കി. വ്യവസായികൾ വിദേശ കുരുമുളക് വില്പനയ്ക്ക് ഇറക്കുന്നതിൽ നേരിയ കുറവുണ്ടായി. ഒരു പരിധി വരെ വിപണിയിലെ സാങ്കേതിക തിരുത്തൽ അവസാനിച്ചതായി വേണം വിലയിരുത്താൻ.
വരുന്ന രണ്ടാഴ്ച ടെർമിനൽ മാർക്കറ്റിൽ വരവ് ചുരുങ്ങിയാൽ വില വീണ്ടും മികവ് കാണിക്കും. പുതിയ അധ്യയന വർഷാരംഭമായതിനാൽ പണത്തിനുള്ള ആവശ്യം മുൻനിർത്തി ചെറുകിട കർഷകർ ചരക്കുമായി രംഗത്ത് എത്തിയാൽ വിലക്കയറ്റത്തെ അത് ചെറിയ അളവിൽ ബാധിക്കാം. അന്താരാഷ്ട്ര മാർക്കറ്റിൽ വിയറ്റ്നാം വില്പനക്കാരാണ്. ഓഫ് സീസണിലെ ഉയർന്ന വില ഉറപ്പു വരുത്താമെന്ന നിഗമനത്തിൽ ബ്രസീലും ഇന്തോനേഷ്യയും മത്സരിച്ച് ക്വട്ടേഷൻ ഇറക്കുന്നുണ്ട്. മലേഷ്യയും ശ്രീലങ്കയും കരുത്തൽശേഖരം ഉയർന്ന വിലയ്ക്ക് വിറ്റുമാറാനുള്ള ശ്രമത്തിലാണ്.
ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 8400 ഡോളർ. ബ്രസീൽ 6900 ഡോളറിനും വിയറ്റ്നാം 7100 ഡോളറിലും ശ്രീലങ്ക 7100 ഡോളറിലും ഇന്തോനേഷ്യ 7600 ഡോളറിലുമാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില ക്വിന്റലിന് 70,500 രൂപ.
പ്രതീക്ഷയിൽ ഏലക്ക, റബർ
കാലവർഷത്തിന്റെ വരവ് മുൻനിർത്തി ഹൈറേഞ്ചിലെ കർഷകർ എലക്ക വിറ്റുമാറാൻ ഉത്സാഹിക്കുന്നു. ജൂൺ രണ്ടാം പകുതിയിൽ വിളവെടുപ്പിന് ആരംഭിക്കാനാവുമെന്നാണ് ആദ്യ വിലയിരുത്തൽ. ഗൾഫ് മേഖലയിൽനിന്നും ബക്രീദ് ആവശ്യങ്ങൾക്കായി വാങ്ങലുകാർ ഏലക്ക സംഭരണം ശക്തമാക്കി. വിദേശ ഓർഡർ മുൻനിർത്തി കയറ്റുമതിക്കാർ വലിപ്പം കൂടിയ ഇനങ്ങളിൽ താത്പര്യം കാണിച്ചെങ്കിലും അത്തരം ഏലക്ക കാര്യമായി ലേലത്തിന് എത്തുന്നില്ല. ഉത്തരേന്ത്യൻ സ്റ്റോക്കിസ്റ്റുകളും രംഗത്തുണ്ട്. വലിപ്പം കൂടിയ ഇനങ്ങൾ കിലോ 3000 രൂപയിലും ശരാശരി ഇനങ്ങൾ 2200-2400 റേഞ്ചിലുമാണ്.

വാഷിംഗ്ടണും ബെയ്ജിംഗും ഇറക്കുമതി ചുങ്കത്തിൽ ധാരണയിൽ എത്തിയത് ഏഷ്യൻ റബർ അവധി വ്യാപാരത്തിലേയ്ക്ക് നിക്ഷേപകരെ ആകർഷിച്ചു. ജപ്പാന്റെ ഒസാക്ക എക്സ്ചേഞ്ചിൽ റബർ കിലോ 320 യെന്നിലേക്ക് അനുകൂല വാർത്തകളിൽ ഉയർന്നു. എട്ട് മാസങ്ങളിലെ മികച്ച പ്രകടനത്തിനും ഇത് അവസരം ഒരുക്കി. അതേ സമയം റെഡി മാർക്കറ്റായ ബാങ്കോക്കിലെ വില്പന സമ്മർദം വാരാന്ത്യം അവധി നിരക്കുകളെയും തളർത്തി.

വിപണിയെ ശക്തമാക്കാൻ തായ്ലൻഡ് ഭരണകൂടം കർഷകരോട് ടാപ്പിംഗിൽനിന്നും താത്കാലികമായി വിട്ടുനിൽക്കാൻ അഭ്യർഥിച്ചത് തിരിച്ചുവരവിന് അവസരം ഒരുക്കിയ ഘട്ടത്തിലാണ് സ്റ്റോക്കിസ്റ്റുകൾ വിൽപ്പനക്കാരായത്. ഇതോടെ ബാങ്കോക്കിൽ റബർ കിലോ 209 രൂപയിൽ നിന്നും 203ലേക്ക് ഇടിഞ്ഞു. ഇതിന്റെ പ്രതിഫലനം ഇന്തോനേഷ്യൻ, മലേഷ്യൻ മാർക്കറ്റുകളിലും ദൃശ്യമായി. കൊച്ചിയിലും കോട്ടയത്തും റബർ വരവ് കുറവാണ്. എന്നാൽ, കാലവർഷം പതിവിലും നേരത്തേയെത്തുമെന്ന വിലയിരുത്തൽ വ്യവസായികളെ വില ഉയർത്തുന്നതിൽനിന്നും പിൻതിരിപ്പിച്ചു. നാലാം ഗ്രേഡ് റബർ 19,700 രൂപയിലും അഞ്ചാം ഗ്രേഡ് 19,400ലും വിപണനം നടന്നു.
സ്വർണ വിലയിൽ വൻ ഇടിവ്, ആഭരണ കേന്ദ്രങ്ങളിൽ പവൻ 72,360 രൂപയിൽനിന്നും ഒരവസരത്തിൽ 3480 രൂപ ഇടിഞ്ഞ് 68,880 രൂപ വരെ താഴ്ന്നെങ്കിലും വാരാന്ത്യം പവൻ 69,760 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 9045ൽ നിന്നും 8720 രൂപയായി.