1,560 രൂപയിൽനിന്ന് 550 രൂപയിലേക്ക് റെയ്മണ്ട് ഓഹരി കൂപ്പുകുത്തി
Thursday, May 15, 2025 1:10 AM IST
മുംബൈ: ടെക്സ്റ്റൈൽ, റിയൽഎസ്റ്റേറ്റ് കന്പനിയായ റെയ്മണ്ടിന്റെ ഓഹരി വില ഇന്നലെ കൂപ്പുകുത്തി. ഓഹരി ഒറ്റ ദിവസം കൊണ്ട് വീണത് 65 ശതമാനം.
ചൊവ്വാഴ്ചയിലെ ക്ലോസിംഗ് വിലയായ 1564 രൂപയിൽ നിന്നും 551 രൂപയിലേക്കാണ് ഓഹരി വീണത്. റിയൽ എസ്റ്റേറ്റ് ബിസിനസായ റെയ്മണ്ട് റിയാലിറ്റി കന്പനിയിൽ നിന്നു വേർപിരിയുന്നതിന്റെ ഭാഗമായാണ് ഓഹരി വിലയിലെ ഇടിവ്. മേയ് ഒന്നിനാണ് റെയ്മണ്ടിൽനിന്ന് റെയ്മണ്ട് റിയാലിറ്റി വിഭജിച്ചത്.
തങ്ങളുടെ കൈവശമുള്ള ഓരോ റെയ്മണ്ട് ഓഹരിക്കും പുതുതായി രൂപീകരിച്ച റെയ്മണ്ട് റിയാലിറ്റിയുടെ ഒരു ഓഹരി അതിന്റെ ഓരോ ഓഹരി ഉടമകൾക്കു ലഭിക്കുമെന്ന് റെയ്മണ്ട് പ്രഖ്യാപിച്ചു. വേർപിരിയലിനു ശേഷം റെയ്മണ്ട് ലിമിറ്റഡിന്റെ ഓഹരി ഉടമകൾക്ക് കയ്യിലുള്ള ഓഹരിക്ക് തുല്യമായ റെയ്മണ്ട് റിയലിറ്റി ഓഹരികൾ ലഭിക്കും.
റെയ്മണ്ടിന്റെ ഓരോ ഓഹരിക്കും റെയ്മണ്ട് റിയാലിറ്റിയുടെ ഒരു ഓഹരി ലഭിക്കുന്ന യോഗ്യരായ ഓഹരി ഉടമകളെ നിർണയിക്കുന്നതിന് വിഭജനത്തിനുള്ള റിക്കാർഡ് തീയതി ഇന്നലെ (മേയ് 14) ആണ് നിശ്ചയിച്ചിരുന്നത്. വിഭജിച്ചു പോകുന്ന റെയ്മണ്ട് റിയാലിറ്റി വിഭാഗത്തിന്റെ മൂല്യം കുറയ്ക്കുന്നതിനുള്ള വില ക്രമീകരണത്തെ തുടർന്നാണ് ഓഹരി വില ഇടിഞ്ഞത്.
വിഭജനത്തിന് ശേഷം ഓഹരി വില ക്രമീകരിച്ചതിനാൽ റെയ്മണ്ട് ഓഹരികൾ കൈവശം വച്ചിരിക്കുന്നവർക്ക് ഹോൾഡിംഗുകളുടെ മൊത്തത്തിലുള്ള മൂല്യത്തിൽ നഷ്ടവും സംഭവിക്കില്ല. നടപ്പു സാന്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തോടെ റെയമണ്ട് റിയാലിറ്റി ഓഹരികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 സെപ്റ്റംബറിൽ കന്പനി റെയ്മണ്ടിനു കീഴിലുള്ള ലൈഫ് സ്റ്റൈൽ ബിസിനസിനെ വേർപെടുത്തിയിരുന്നു.