ചൈനീസ് പ്രതിരോധ ഓഹരികള്‍ ഇടിഞ്ഞു
Tuesday, May 13, 2025 6:23 PM IST
മുംബൈ: ഇന്ത്യ-പാക് സംഘർഷത്തിനു ശമനമായെങ്കിലും ഇതിന്റെ പ്രത്യാഘാതം ചൈനയിലും അലയടിക്കുന്നു. ചൈനയുടെ പ്രതിരോധ ഓഹരികളിൽ ഈ പ്രത്യാഘാതം പ്രകടമായി.
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാന് ഉപയോഗിച്ചതിലേറെയും ചൈനീസ് ആയുധങ്ങളായിരുന്നു. എന്നാൽ, ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെ ഭേദിക്കാന്‍ ഈ ആയുധങ്ങള്‍ക്ക് സാധിച്ചതുമില്ല. ഇതാണ് ചൈനീസ് പ്രതിരോധ ഓഹരികളിലെ തകർച്ചയ്ക്കു കാരണം. ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ ചൈനീസ് പ്രതിരോധ ഓഹരികൾ വൻ തകർച്ച നേരിടുകയാണ്.
ചൈനയുടെ ജെ-10സി ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളുടെ നിര്‍മാതാക്കളായ എവിക് ചെംഗ്ദു എയർക്രാഫ്റ്റ് കന്പനിയുടെ ഓഹരികൾ ഇന്നലെ 9.2 ശതമാനമാണ് ഇടിഞ്ഞത്. ചൈനീസ് സര്‍ക്കാരിനു കീഴിലുള്ള ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പറേഷന്റെ ഓഹരികള്‍ നാലു ശതമാനവും താഴ്ന്നു. പാക് നാവികസേനയ്ക്ക് ഈ കമ്പനി കപ്പലുകള്‍ നിര്‍മിച്ചുനൽകുന്നുണ്ട്.
പിഎൽ-15 എയർ ടു എയർ മിസൈലും സൈന്യത്തിനായി ഇലക്ട്രോണിക് ഘടകങ്ങളും നിര്‍മിക്കുന്ന ഷുസ്ഹൗ ഹൊംഗ്ദ ഇലക്ട്രോണിക്സ് കോർപറേഷൻ ലിമിറ്റഡിന്റെ ഓഹരികള്‍ 6.5 ശതമാനവും ഇടിഞ്ഞു. 2019-2023 കാലഘട്ടത്തില്‍ പാക്കിസ്ഥാന് വാങ്ങിയ 82 ശതമാനം ആയുധങ്ങളും ചൈനയില്‍നിന്നാണ്.
ചൈന കഴിഞ്ഞാൽ ആയുധങ്ങള്‍ക്കായി പാക്കിസ്ഥാൻ ആശ്രയിക്കുന്നത് തുര്‍ക്കിയെയാണ്. പാക്കിസ്ഥാൻ പ്രതിരോധസേന തുർക്കി നിർമിത ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യക്കെതിരേ അവർ പ്രയോഗിച്ച തുർക്കി നിർമിത ബൈകർ യിഹാ കാമികാസെ, ആസിസ്ഗാർഡ് സൊൻഗാർ ഡ്രോണുകളെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചിരുന്നു.
അതേസമയം, പാക്കിസ്ഥാന് ശക്തമായ മറുപടി നൽകിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഇന്നലെ ഇന്ത്യന്‍ പ്രതിരോധ ഓഹരികള്‍ക്ക് കരുത്തായി. പ്രതിരോധ ഓഹരികളെല്ലാം മിന്നും പ്രകടനമാണ് നടത്തുന്നത്.
ഭാരത് ഇലക്ട്രോണിക്സ് ഓഹരിവില 4.5 ശതമാനം ഉയർന്നു. ഭാരത് ഡൈനാമിക്സ് ഇന്നലെ 7.8 ശതമാനമാണ് നേട്ടം കൊയ്തത്. ഹിന്ദുസ്ഥാൻ എയ്റനോട്ടിക്സ്, ബിഇഎംഎൽ, സെൻ ടെക്നോളജീസ്, കൊച്ചിൻ ഷിപ്പ് യാർഡ് എന്നിവയുടെ ഓഹരികൾ നാലു ശതമാനത്തിലേറെ ഉയർന്നു. മസഗോണ്‍ ഡോക്, ജിആർഎസ്ഇ, പരസ് ഡിഫൻസ് എന്നിവയുടെ ഓഹരികളും മികച്ച പ്രകടനം നടത്തി.