മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പാ ആസ്തികള്‍ ലക്ഷം കോടി പിന്നിട്ടു
Thursday, May 15, 2025 1:10 AM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ 37 ശതമാനം വാര്‍ഷിക വര്‍ധനയോടെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയായ 1,22,181 കോടി രൂപയിലെത്തി.
മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം വായ്പകള്‍ 43 ശതമാനം വാര്‍ഷിക വര്‍ധനയോടെ 1,08,648 കോടി രൂപയും സംയോജിത അറ്റാദായം 20 ശതമാനം വാര്‍ഷിക വര്‍ധനയോടെ 5,352 കോടി രൂപയിലുമെത്തി.
മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം അറ്റാദായം 28 ശതമാനം വാര്‍ഷിക വര്‍ധനയോടെ 5,201 കോടി രൂപയായി ഉയർന്നിട്ടുമുണ്ട്. ഇവയെല്ലാംതന്നെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കുകളാണ്.
കൈകാര്യം ചെയ്യുന്ന സ്വര്‍ണപ്പണയ വായ്പാ ആസ്തികള്‍ 41 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,02,956 കോടി രൂപയിലെത്തി. ബ്രാഞ്ചുകളിലെ ശരാശരി സ്വര്‍ണപ്പണയ വായ്പാ ആസ്തികളും മികച്ച വളർച്ച രേഖപ്പെടുത്തി 21.21 കോടി രൂപയിലെത്തി.
തങ്ങളുടെ ലോക്കറുകളില്‍ 208 ടണ്‍ സ്വര്‍ണം എന്ന റെക്കോര്‍ഡ് ശേഖരം ഉള്ളതായും കമ്പനി അറിയിച്ചു. ഓഹരി ഒന്നിന് 26 രൂപ എന്നനിലയില്‍ 260 ശതമാനം ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
തങ്ങളുടെ സംയോജിത വായ്പാ ആസ്തികള്‍ 1,22,181 കോടി രൂപയിലെത്തിയതിലൂടെ ലക്ഷം കോടി രൂപയെന്ന ചരിത്രപരമായ നാഴികക്കല്ലാണു പിന്നിട്ടതെന്ന് പ്രവര്‍ത്തന ഫലങ്ങളെക്കുറിച്ചു പ്രതികരിച്ച മുത്തൂറ്റ് ഫിനാന്‍സ് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.