പലിശനിരക്കിൽ മാറ്റം വരുത്താതെ ഫെഡറൽ റിസർവ്
Friday, May 9, 2025 12:56 AM IST
ന്യൂയോർക്ക്: യുഎസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് ഇത്തവണയും മാറ്റമില്ലാതെ നിലനിർത്തി.
സാന്പത്തിക അനിശ്ചിതത്വങ്ങൾ മൂലം ഉയരുന്ന പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മ നിരക്കിന്റെയും അപകടസാധ്യതകൾ കാരണം യുഎസ് ഫെഡറൽ റിസർവ് അതിന്റെ ഫെഡറൽ വായ്പാ നിരക്കുകൾ 4.25 മുതൽ 4.50 ശതമാനം വരെയായി നിലനിർത്തി.
പലിശ കുറയ്ക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള നിർദേശങ്ങൾ അവഗണിച്ചാണ് ഫെഡ് ചെയർമാൻ ജെറോം പവൽ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്. വിപണി പ്രതീക്ഷിച്ചതും ഈ തീരുമാനം തന്നെയാണ്.
താരിഫുകളുടെ ഫലങ്ങൾ ഇപ്പോഴും വളരെ അനിശ്ചിതത്വത്തിലാണെന്നും എന്നാൽ അവ ഉയർന്ന നിലയിൽ തുടർന്നാൽ വളർച്ച ദുർബലപ്പെടുത്താനും ഉയർന്ന പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും സാധ്യതയുണ്ടെന്നും പവൽ ചൂണ്ടിക്കാട്ടി.