കൊച്ചി കപ്പൽശാലയിൽ പുതിയ എസ്ഒവി നിർമാണം തുടങ്ങി
Thursday, May 15, 2025 1:10 AM IST
കൊച്ചി: കൊച്ചി കപ്പൽശാലയിൽ യുകെയിലെ നോർത്ത് സ്റ്റാർ ഷിപ്പിംഗ് (അബർഡീൻ) ലിമിറ്റഡിനായുള്ള രണ്ടാമത്തെ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ (എസ്ഒവി) നിർമാണം തുടങ്ങി. നോർത്ത് സ്റ്റാർ ഷിപ്പിംഗിലെ ചീഫ് ടെക്നോളജി ഓഫീസർ ജെയിംസ് ബ്രാഡ്ഫോർഡ് സ്റ്റീൽ-കട്ടിംഗ് ചടങ്ങ് നിർവഹിച്ചു
86 മീറ്റർ നീളമുള്ള ഹൈബ്രിഡ്-ഇലക്ട്രിക് എസ്ഒവി നോർവേയിലെ വാർഡ് എഎസാണ് രൂപകല്പന ചെയ്തത്. നോർത്ത് സ്റ്റാറിനായി സിഎസ്എൽ നിർമിക്കുന്ന രണ്ട് എസ്ഒവികളിൽ രണ്ടാമത്തേതാണിത്.
ഡിപി2 ക്ലാസ് കപ്പലിൽ 4 ഡീസൽ മെയിൻ ജനറേറ്റിംഗ് സെറ്റുകളും ഉയർന്ന ശേഷിയുള്ള ലിഥിയം അയൺ ബാറ്ററികളും സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കും.
എസ്എംഎസ്ടിയിൽനിന്നുള്ള വാക്ക്-ടു-വർക്ക് സിസ്റ്റം കപ്പലിൽ ഘടിപ്പിക്കും. കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ ഓഫ്ഷോർ വിൻഡ് വ്യവസായ മേഖലയുടെ ആവശ്യകതകൾ നിറവേറ്റുന്നതിന് കപ്പൽ പ്രയോജനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.