മുഖം മിനുക്കി കിയ കാരൻസ്
Friday, May 9, 2025 11:49 PM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ദക്ഷിണകൊറിയൻ വാഹനനിർമാതാക്കളായ കിയയുടെ കാരൻസ് ആദ്യമായി മുഖം മിനുക്കി വിപണിയിൽ. പ്രീമിയം ലുക്കും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഫെയ്സ്ലിഫ്റ്റ് പതിപ്പിന് ’കാരൻസ് ക്ലാവിസ്’ എന്ന പുതിയ പേരാണ് കിയ നൽകിയിരിക്കുന്നത്.
കിയ സിറോസ് എസ്യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കാരൻസ് ക്ലാവിസിന്റെ ഇന്റീരിയർ കിയ തയാറാക്കിയിരിക്കുന്നത്. ഈ ഫെയ്സ്ലിഫ്റ്റ് പതിപ്പ് എംപിവിക്കും എസ്യുവിക്കും ഇടയിലുള്ള ഒരു ക്രോസ് ഓവർ ആണെന്ന് പറയാം.
ക്ലാവിസിന്റെ ഹൃദയം
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് കാരൻസ്് ക്ലാവിസ് ലഭ്യമാവുക. സാധാരണ കാരൻസിലെ അതേ പവർട്രെയിൻ സജ്ജീകരണം പുതിയ കാരൻസ് ക്ലാവിസിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ക്ലച്ചസ് മാനുവൽ (ഐഎംടി) 6 സ്പീഡ് ടോർക്ക് കണ്‍വെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് വാഹനത്തിന്റെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഡിസൈൻ
വാഹനത്തിന്റെ പുറംകാഴ്ച കാരൻസിന് സമാനമായ ഡിസൈൻ തന്നെയാണ് കിയ ക്ലാവിസിനും നൽകിയിട്ടുള്ളത്. ഐസ് ക്യൂബ് എംഎഫ്ആർ എൽഇഡി ഹെഡ്ലാന്പുകൾ, സിഗ്നേച്ചർ ഡിജിറ്റൽ ടൈഗർ ഫെയ്സ് ഡിസൈൻ, സ്റ്റാർ മാപ്പ് എൽഇഡി കണക്റ്റഡ് ടെയിൽ ലാന്പുകൾ, 17 ഇഞ്ച് ക്രിസ്റ്റൽ കട്ട് ഡ്യുവൽ ടോണ്‍ അലോയ് വീലുകൾ, സാറ്റിൻ ക്രോം ഫിനിഷുള്ള ഫ്രണ്ട് & റിയർ സ്കിഡ് പ്ലേറ്റുകൾ എന്നിവ ഈ ഫെയ്സ്ലിഫ്റ്റ് പതിപ്പിന് നൽകിയിട്ടുണ്ട്.
പരമാവധി സൗകര്യപ്രദവും സുഖകരവുമായ തരത്തിലാണ് ഇന്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കിയ പറയുന്നത്. സീറ്റ് നീക്കുന്നതിനുള്ള വാക്ക് ഇൻ ലിവർ, ഡ്യുവൽ പാൻ പനോരമിക് സണ്‍റൂഫ്, ഇൻഫോടെയ്ൻമെന്റ് കണ്ട്രോൾ സ്വാപ് സ്വിച്ച്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, 64 കളർ ആംബിയന്റ് ലൈറ്റിംഗ്് എന്നിവയാണ് പുതിയ ഫീച്ചറുകൾ.
സുരക്ഷാ ഫീച്ചറുകൾ
സുരക്ഷയുടെ കാര്യത്തിൽ നിരവധി സവിശേഷതകളുമായിയാണ് കിയ കാരൻസ്് ക്ലാവിസിന്റെ വരവ്. ലെവൽ-2 അഡാസ് ഫീച്ചർ സ്യൂട്ട്, 360 ഡിഗ്രി കാമറ, ഫോർവേഡ് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാണിംഗ്, സ്റ്റോപ്പ് ആൻഡ് ഗോ അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, റിയർ ക്രോസ് ട്രാഫിക് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ് തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകൾ പുതിയ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
വില പ്രഖ്യാപിക്കും
ക്ലാവിസിന്റെ വില ജൂണ്‍ രണ്ടിന് ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. 11 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെയാക്കാം വാഹനത്തിന്റെ എക്സ്-ഷോറൂം വില. കന്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് വഴിയോ അടുത്തുള്ള കിയ ഡീലർഷിപ്പ് വഴിയോ 25,000 രൂപ ടോക്കണ്‍ തുകയ്ക്ക് വാഹനം ബുക്ക് ചെയ്യാം.
പുതുമോഡലിനായുള്ള ബുക്കിംഗ് ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. ഏഴ് വകഭേദങ്ങളിലാണ് ഇന്ത്യയിൽ വാഹനം ലഭിക്കുക. ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, അറോറ ബ്ലാക്ക് പേൾ, ക്ലിയർ വൈറ്റ് എന്നിങ്ങനെ എട്ടു കളറുകളിലാണ് കിയ കാരൻസ് ക്ലാവിസ് ലഭ്യമാവുക.