ചില്ലറ പണപ്പെരുപ്പം 3.16%; ഏപ്രിലിൽ ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്
Tuesday, May 13, 2025 6:23 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ ഉപഭോക്തൃ വിലസൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം (റീട്ടെയ്ൽ ഇൻഫ്ലേഷൻ) ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. ഏപ്രിലിൽ 3.16 ശതമാനമാണ് രേഖപ്പെടുത്തിയത്.
2019 ജൂലൈ (3.15%)ക്കുശേഷമുള്ള കുറഞ്ഞ നിരക്കാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ചില്ലറ പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിച്ചത്. റിസർവ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ പണപ്പെരുപ്പം നാലു ശതമാനത്തിൽ താഴെയാകുന്നത് തുടർച്ചയായ മൂന്നാം മാസമാണ്.
മാർച്ചിൽ 3.34 ശതമാനവും ഫെബ്രുവരിയിൽ 3.61 ശതമാനവുമായിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസം 4.83 ശതമാനമാണ് രേഖപ്പെടുത്തിയത്. ഈ കണക്കുകൾക്കു വിരുദ്ധമായി അവശ്യവസ്തുക്കളുടെ വിലക്കയറ്റതോതിൽ കേരളം തുടർച്ചയായ നാലാം മാസവും ഒന്നാമതെത്തി.
ഏപ്രിലിൽ മൊത്തത്തിലുള്ള സംയോജിത സിപിഐ സൂചിക മാർച്ചിലെ 192.0ൽനിന്ന് നേരിയ തോതിൽ ഉയർന്ന് 192.6 ആയി.
ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിഎഫ്പിഐ) അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം മാർച്ചിൽ 2.69 ശതമാനമായിരുന്നെങ്കിൽ ഏപ്രിലിൽ ഇത് 1.78 ശതമാനമായി കുറഞ്ഞു. ഫെബ്രുവരിയിൽ 3.75 ശതമാനത്തിലായിരുന്നു. 2021 ഒക്ടോബറിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഭക്ഷ്യ പണപ്പെരുപ്പ നിരക്കാണിത്. 2024 ഏപ്രിലിൽ 8.70 ശതമാനത്തിലാണ് ഭക്ഷ്യ പണപ്പെരുപ്പമെത്തിയത്.
ഗ്രാമീണ ഭക്ഷ്യ പണപ്പെരുപ്പം മുൻമാസത്തെ 2.82 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 1.85 ശതമാനത്തിലേക്കു താഴ്ന്നു. നഗരപ്രദേശ ഭക്ഷ്യപണപ്പെരുപ്പം മുൻമാസത്തെ 2.48 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 1.64 ശതമാനമായി.
പച്ചക്കറികൾ, പയർവർഗങ്ങൾ, പഴങ്ങൾ, ഇറച്ചി, മത്സ്യം, മുട്ട, ധാന്യങ്ങൾ എന്നിവയിലുണ്ടായ വിലക്കുറവാണ് ഭക്ഷ്യ പണപ്പെരുപ്പം ചുരുക്കിയത്.
പച്ചക്കറി വിലകൾ മാർച്ചിലെ 7.04% ഇടിവുമായി താരതമ്യം ചെയ്യുന്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ 11% കുറഞ്ഞു.
ഈ വേനൽക്കാലത്ത് ഉണ്ടായ കടുത്ത ഉഷ്ണതരംഗങ്ങൾ മികച്ച വിളവെടുപ്പിനെ കാര്യമായി ബാധിച്ചില്ല. ഇത് ബജറ്റിന്റെ ഒരു പ്രധാന ഭാഗം ഭക്ഷണത്തിനായി നീക്കിവയ്ക്കുന്ന നിരവധി ഇന്ത്യൻ കുടുംബങ്ങൾക്ക് അത്യാവശ്യമായ ആശ്വാസം നൽകി.
ഗ്രാമീണമേഖലയിലാണ് പണപ്പെരുപ്പ നിരക്ക് പ്രധാനമായും കുറഞ്ഞത്. ഗ്രാമപ്രദേശങ്ങളിലെ പണപ്പെരുപ്പം ഏപ്രിലിൽ 2.92 ശതമാനമായി. മാർച്ചിൽ ഇത് 3.25 ശതമാനത്തിലായിരുന്നു. ഫെബ്രുവരിൽ 3.79 ശതമാനവും.
നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പം മുൻ മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ 3.36 ശതമാനമായി ചുരുങ്ങി. മാർച്ചിൽ 3.43 ശതമാനത്തിലായിരുന്നു. ഫെബ്രുവരിയെക്കാൾ (3.32%) നേരിയ രീതിയിൽ മാർച്ചിൽ നഗരപ്രദേശത്തെ പണപ്പെരുപ്പം ഉയർന്നിരുന്നു.
ഉയർന്ന പണപ്പെരുപ്പ നിരക്കിൽ കേരളം മുന്നിൽ
അവശ്യസാധനങ്ങളുടെ വിലക്കയറ്റതോതിൽ തുടർച്ചയായ നാലാം മാസവും കേരളം മുന്നിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് കേരളത്തിലാണ്. 5.94 ശതമാനവുമായാണ് കേരളം മുന്നിലെത്തിയത്.
കഴിഞ്ഞ വർഷം ഇതേ മാസം 5.33 ശതമാന മായിരുന്നു. മാർച്ചിൽ 6.59 ശതമാനമാണ് രേഖപ്പെടുത്തിയത്. കർണാടക (4.26%), ജമ്മു കാഷ്മീർ (4.25%), പഞ്ചാബ് (4.09%), തമിഴ്നാട് (3.41%) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിൽ. 1.26 ശതമാനവുമായി തെലുങ്കാനയാണ് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമുള്ള സംസ്ഥാനം. ഡൽഹിയാണ് (1.77%) രണ്ടാമത്.