നിക്ഷേപ പ്രതീക്ഷയിൽ ഇന്ത്യൻ വിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, May 19, 2025 1:21 AM IST
ഒരു നൂറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യാന്തര ക്രൈഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് സർവീസസ് അമേരിക്കയ്ക്കു നേരേ വാളോങ്ങി. യുഎസ് സന്പദ്ഘടന കടുത്ത പ്രതിസന്ധിയിൽ നീങ്ങുന്നത് മുൻനിർത്തിയാണ് മൂഡീസ് കടുത്ത നിലപാട് സ്വീകരിച്ചത്.
1911 മുതൽ അമേരിക്കൻ ഓഹരി വിപണിക്ക് മൂഡീസ് നൽകിയിരുന്ന എഎഎ റേറ്റിംഗിൽനിന്നും എഎ1 ആയി കുറച്ചു. ഈ നീക്കം ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇന്ന് വൻ പ്രകന്പനം ഉളവാക്കാം. രണ്ട് വർഷം മുൻപ് രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ ഫിച്ച് ഇത്തരത്തിൽ റേറ്റിംഗ് കുറച്ചപ്പോഴും 2011ൽ മറ്റ് ഒരു പ്രമുഖ ക്രൈഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ്പി അമേരിക്കയുടെ റേറ്റിംഗ് താഴ്ത്തിയ അവസരത്തിലും ഓഹരി സൂചികയിൽ വൻ വിള്ളൽ സംഭവിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ രാജ്യാന്തര ഫണ്ടുകൾ അവിടെ വിൽപ്പനയ്ക്ക് നീക്കം നടത്തിയാൽ അത്ഭുതപ്പെടാനില്ല.
പ്രതിസന്ധികൾ മുന്നിൽക്കണ്ട് അമേരിക്കയിലെ നിക്ഷേപം മറ്റ് വിപണികളിലേക്ക് തിരിക്കാൻ ഫണ്ടുകൾ തിടുക്കം കാണിക്കുന്നതിനൊപ്പം തെരഞ്ഞെടുക്കാനുള്ള മികച്ച വിപണിയായി അവർ ഇന്ത്യയെയും കണക്കാ ക്കുമെന്നു വേണം അനുമാനിക്കാൻ. ഈ വാരം റിസർവ് ബാങ്ക് വായ്പാ അവലോകനത്തിനായി ഒത്തുചേരുമെന്നതും അനുകൂല വാർത്തകൾക്ക് അവസരം ഒരുക്കും. പലിശ നിരക്കിൽ ഭേദഗതികൾക്കുള്ള സാധ്യതകളും ഓഹരി വിപണിയുടെ കുതിച്ചുചാട്ടത്തിന് വേഗത പകരാം.
പിന്നിട്ടവാരം നാല് ശതമാനം കുതിച്ചുചാട്ടത്തിലുടെ നിഫ്റ്റി സൂചിക 1011 പോയിന്റാണ് വർധിച്ചത്. സെൻസെക്സ് 3.62 ശതമാനം ഉയർന്ന് 2876 പോയിന്റും മുന്നേറി. പാക്കിസ്ഥാനുമായുള്ള യുദ്ധ സാഹചര്യത്തിലും ഇന്ത്യൻ ഇൻഡക്സുകൾ മികവ് നിലനിർത്തിയത് വിപണിയുടെ അടിത്തറ കൂടുതൽ ശക്തമാക്കുന്നു. ഒരു മാസകാലയളവിൽ സെൻസെക്സ് 5286 പോയിന്റും നിഫ്റ്റി സൂചിക 1582 പോയിന്റും വർധിച്ചു.
ഇന്ത്യ വോളാറ്റിലിറ്റി ഇൻഡക്സ് പ്രതീക്ഷയ്ക്കൊത്ത് താഴുകയാണ്. അതിർത്തിയിൽനിന്നുള്ള യുദ്ധ വാർത്തകൾക്കിടയിൽ തൊട്ട് മുൻവാരം എട്ട് ശതമാനം ഉയർന്ന വോളാറ്റിലിറ്റി സൂചിക 22.7ൽനിന്നും വാരാവസാനം 16.55ലേക്ക് താഴ്്്ന്നു. സൂചിക 16.11ലേക്ക് താഴുമെന്നാണ് കഴിഞ്ഞ ലക്കം വ്യക്തമാക്കിയിരുന്നത്. നിലവിലെ സാഹചര്യത്തിൽ അതേ ടാർജറ്റായ 16.11ലേക്കും തുടർന്ന് 12 ലേക്കും പരീക്ഷണങ്ങൾക്കുള്ള സാധ്യതകൾ ആഭ്യന്തര വിദേശ ഫണ്ടുകളുടെ നിക്ഷേപക മനോഭാവം ഇരട്ടിപ്പിക്കാം.
നിഫ്റ്റി സൂചിക 24,008 പോയിന്റിൽനിന്നും മുൻവാരം വ്യക്തമാക്കിയ 24,376-24744 പോയിന്റിലെ ആദ്യ രണ്ട് തടസങ്ങൾ ഭേദിച്ച് 25,116 വരെ കുതിച്ചു. ഒക്ടോബർ 17ന് ശേഷം ആദ്യമായാണ് നിഫ്റ്റി 25,000 പോയിന്റിന് മുകളിൽ ഇടംപിടിക്കുന്നത്. ഫണ്ട് ബയിംഗ് തുടരുന്ന സാഹചര്യത്തിൽ സൂചിക പ്രയാണം തുടരും. അതേസമയം ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പിന് ഓപ്പറേറ്റർമാർ നീക്കം നടത്തിയാൽ 24,657ലും 24,295 പോയിന്റിലും സപ്പോർട്ട് പ്രതീക്ഷിക്കാം. വിപണി മികവ് നിലനിർത്തുന്ന സാഹചര്യത്തിൽ അടുത്ത ലക്ഷ്യം 25,248-25,477 പോയിന്റാണ്.
ഈ മേഖലയിൽ സൂചിക എത്തിയാൽ ഒരു കൺസോളിഡേഷന് നീക്കം നടത്താം. പ്രത്യേകിച്ച് ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ മേയ് സീരീസ് സെറ്റിൽമെന്റ് അടുക്കുന്ന സാഹചര്യത്തിൽ. വിപണി ഉറ്റുനോക്കുന്നത് 26,068 നെയാണ്. അതേസമയം ഐഎസ്ആർഒയുടെ 101-ാം വിക്ഷേപണത്തിൽ സംഭവിച്ച വീഴ്ചയുടെ ആഘാതം ഇടപാടുകളുടെ തുടക്കത്തിൽ ഓഹരി സൂചികയിൽ പ്രകടമാകാൻ ഇടയുണ്ടെങ്കിലും മൂഡീസ് അമേരിക്കൻ മാർക്കറ്റിനെക്കുറിച്ച് നടത്തിയ വിലയിരുത്തൽ താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് അവസരമാക്കാൻ വിദേശ ഓപ്പറേറ്റർമാരെ പ്രേരിപ്പിക്കാം.
നിഫ്റ്റി ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ ബുള്ളിഷ് ട്രെൻഡിലാണ്. എംഎസിഡിയും നിക്ഷേപകർക്ക് അനുകൂലമാണ്. സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, സ്റ്റോക്കാസ്റ്റിക്ക് ഫാസ്റ്റ് തുടങ്ങിയവ ഓവർ ബോട്ടായത് ഒരു വിഭാഗം നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിക്കാം.
നിഫ്റ്റി മേയ് ഫ്യൂച്ചർ നാല് ശതമാനത്തിൽ അധികം ഉയർന്ന് 25,079 ലാണ്. മുൻവാരം സൂചന നൽകിയതാണ് ഭൗമ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയാൽ ഊഹക്കച്ചവടക്കാർ ഷോർട്ട് കവറിംഗിനായി രംഗത്ത് ഇറങ്ങുമെന്ന്, അത് നൂറ് ശതമാനം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു വിപണിയിലെ സംഭവവികാസങ്ങൾ. ഊഹക്കച്ചവടക്കാർ വിൽപ്പനകൾ തിരിച്ചുപിടിക്കാൻ മത്സരിച്ചതിനൊപ്പം മറുവശത്ത് വാങ്ങൽ താത്പര്യം ഇരട്ടിക്കുകയും ചെയ്തു.
വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് തൊട്ട് മുൻവാരത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം കുറഞ്ഞ് ഏകദേശം 120 ലക്ഷം കരാറുകളായി. ഊഹക്കച്ചവടക്കാരുടെ ഷോർട്ട് കവറിംഗ് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.
സെൻസെക്സ് 79,454 പോയിന്റിൽനിന്നും 81,682 പോയിന്റിലെ പ്രതിരോധം തകർത്ത് 82,718 വരെ ഉയർന്നു. ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പിൽ വാരാന്ത്യം സൂചിക 82,330 പോയിന്റിലാണ്. ഈ വാരം സെൻസെക്സിന് 83,078 ആദ്യ തടസം മറികടന്നാൽ 83,827-85,685ലേക്കു സഞ്ചരിക്കാനുള്ള സാധ്യതകൾ തെളിയും. പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ സൂചിക 81,220-80111ലേക്ക് തിരുത്തലിന് മുതിരാം.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യം വീണ്ടും ചാഞ്ചാടി. 85.38ൽനിന്നും ഒരവസരത്തിൽ 85.73 ലേക്ക് ദുർബലമായി. എന്നാൽ വ്യാരാന്ത്യം മൂല്യം അല്പം മെച്ചപ്പെട്ട് 85.51ലാണ്. നിലവിലെ സാഹചര്യത്തിൽ രൂപ 85.90-86.10ലേക്ക് ദുർബലമാകാമെങ്കിലും കരുത്ത് നേടാൻ ശ്രമം നടത്തിയാൽ വിനിമയ മൂല്യം 85.25‐ 85.00ലേക്കും തിരിയും.
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 3290 ഡോളറിൽനിന്നും 3120ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 3201 ഡോളറിലാണ്. വിപണി ഓവർ സോൾഡായത് ചെറിയ തോതിലുള്ള തിരിച്ചുവരവിന് അവസരം ഒരുക്കാം, എന്നാൽ, മറ്റ് സാങ്കേതിക വശങ്ങൾ പലരും സെല്ലർമാർക്ക് അനുകൂലമായി മാറുന്നതിനാൽ 2980 ഡോളറിലെ സപ്പോർട്ടിലേക്ക് വിപണിയുടെ ദൃഷ്ടി തിരിയും.