യുഎസിൽനിന്ന് പണമയയ്ക്കാൻ നികുതി
Saturday, May 17, 2025 11:33 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പൗരന്മാർ ഒഴികെയുള്ളവർ പുറംരാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന്റെ അഞ്ചുശതമാനം നികുതിയായി ഈടാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ ആലോചന.
യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരുൾപ്പെടെ പ്രവാസ സമൂഹത്തിനു വലിയ തിരിച്ചടിയാകുന്ന നിയമം യുഎസ് പ്രതിനിധി സഭയിൽ അവതരിപ്പിച്ചു. ‘ദ് വണ്‍ ബിഗ് ബ്യൂട്ടിഫുൾ ബിൽ’എന്ന് അനൗപചാരികമായി പേരിട്ടിരിക്കുന്ന കരടിൽ യുഎസ് പൗരന്മാരല്ലാത്തവരുടെ എല്ലാ രാജ്യാന്തര പണ കൈമാറ്റങ്ങൾക്കും 5% നികുതിയാണു നിർദേശിച്ചിരിക്കുന്നത്.
എച്ച്-1ബി വീസ ഉടമകളും ഗ്രീന്‍ കാര്‍ഡ് ഉടമകളും ഉള്‍പ്പെടെ യുഎസ് പൗരന്മാർ അല്ലാത്തവർ അയയ്ക്കുന്ന എല്ലാ പണമിടപാടുകള്‍ക്കും ഈ നികുതി ചുമത്തേണ്ടിവരും. സ്വന്തം രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിന് നികുതി നൽകേണ്ടിവരുമെന്നതാണ് ലക്ഷക്കണക്കിനു വരുന്ന ഇന്ത്യക്കാരെ ബുദ്ധിമുട്ടിക്കുന്നത്.
പണം ട്രാൻസ്ഫർ ചെയ്യുന്ന കേന്ദ്രത്തിൽ തന്നെ ഈ നികുതി ഈടാക്കും. നികുതിവിധേയമായ പണമയയ്ക്കലിന് കുറഞ്ഞ പരിധിയുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചെറിയ തുക അയച്ചാൽപ്പോലും 5% നികുതി നൽകേണ്ടിവരും. നിയമം യുഎസ് കോണ്‍ഗ്രസിൽ പാസാക്കിയിട്ടില്ല. കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചാൽ നിയമം ജൂലൈയിൽ പ്രാബല്യത്തിലായേക്കും.
വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 45 ലക്ഷം ഇന്ത്യക്കാർ അമേരിക്കയിലുണ്ട്. യുഎസിൽനിന്ന് ഏറ്റവും കൂടുതൽ പണം വരുന്നത് ഇന്ത്യയിലേക്കാണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2024 മാർച്ചിൽ പുറത്തുവിട്ട സർവേ പ്രകാരം 2023-24ൽ അമേരിക്കയിലെ ഇന്ത്യൻ വംശജർ 32 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലേക്ക് അയച്ചത്. ഇവർ ഓരോ വർഷവും 2300 കോടി ഡോളർ ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്.