ഓഹരിവിപണിയിൽ മുന്നേറ്റം
Thursday, May 15, 2025 10:29 PM IST
മുംബൈ: ഇന്ത്യൻ ഓഹരിവിപണികളായ നിഫ്റ്റി 50യും ബിഎസ്ഇ സെൻസെക്സും ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി.
ഏഴു മാസങ്ങൾക്കുശേഷമാണ് ഇരു സൂചികകളും ഏറ്റവും ഉയർന്ന നിലയിലെത്തുന്നത്. 395.20 പോയിന്റ് (1.6%) ഉയർന്ന് നിഫ്റ്റി ഏഴു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 25,062.10ൽ ക്ലോസ് ചെയ്തു.
ഇതിനുമുന്പ് 2024 ഒക്ടോബർ 17ന് സൂചിക 25,000ന് മുകളിൽ ക്ലോസ് ചെയ്തിരുന്നു. സെൻസെക്സ് 1200.18 പോയിന്റ് (1.48%) ഉയർന്ന് 82,530.74ൽ വ്യാപാരം അവസാനിപ്പിച്ചു.
ഫിനാൻഷൽ, ഓട്ടോമോട്ടിവ്, ഐടി മേഖലകളിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ വിപണിക്ക് കരുത്തായത്. ഇന്ത്യ-യുഎസ് വ്യാപാരകരാറിനുള്ള ഇന്ത്യയുടെ സീറോ താരിഫ് വാഗ്ദാനത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പരാമർശവും വിപണിക്ക് ഉണർവേകി,.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം 5.05 ലക്ഷം കോടി രൂപ ഉയർന്ന് 439.94 ലക്ഷം കോടി രൂപയിലെത്തി.
മിഡ്കാപ്, സ്മോൾകാപ് സൂചികകളും പോസിറ്റീവായാണ് അവസാനിച്ചത്.