സൗത്ത് ഇന്ത്യൻ ബാങ്കിന് 1,303 കോടിയുടെ റിക്കാർഡ് അറ്റാദായം
Thursday, May 15, 2025 10:29 PM IST
കൊച്ചി: 2024-25 സാന്പത്തികവർഷത്തിൽ 1,303 കോടി രൂപയുടെ റിക്കാർഡ് അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ അപേക്ഷിച്ച് 21.75 ശതമാനമാണു വർധന. ബാങ്ക് കൈകാര്യംചെയ്യുന്ന ആകെ ബിസിനസ് 1,95,104.12 കോടി രൂപയായി.
ഓഹരി ഉടമകളുടെ അംഗീകാരത്തിനനുസൃതമായി 40 ശതമാനം ഡിവിഡന്റിനു ശിപാർശചെയ്തു. ബാങ്കിന്റെ പ്രവർത്തനലാഭം മുൻവർഷത്തെ 1,867.67 കോടിയിൽനിന്ന് 2,270.08 കോടിയായും വർധിച്ചു. 21.55 ശതമാനമാണു വാർഷികവളർച്ച.
മൊത്ത നിഷ്ക്രിയ ആസ്തികൾ 130 പോയിന്റുകൾ കുറച്ച് 3.20 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്ക്രിയ ആസ്തി 1.46 ശതമാനത്തിൽനിന്നും 0.92 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു.
അറ്റ പലിശ വരുമാനം 4.61 ശതമാനം വാർഷിക വളർച്ചയോടെ 3,485.64 കോടി രൂപയിലെത്തി. റീട്ടെയിൽ നിക്ഷേപങ്ങൾ 7.17 ശതമാനം വളർച്ചയോടെ 1,04,749.60 കോടിയിലെത്തി. പ്രവാസി (എൻആർഐ) നിക്ഷേപം 6.42 ശതമാനം വർധിച്ച് 31,603 കോടി രൂപയിലെത്തി. സേവിംഗ്സ് ബാങ്ക് നിക്ഷേപം 27,699.31 കോടി രൂപയിലെത്തി.
മൊത്ത വായ്പാവിതരണം 8.89 ശതമാനം വളർച്ച കൈവരിച്ച് 87,578.52 കോടി രൂപയായി. കോർപറേറ്റ് വായ്പകൾ, സ്വർണവായ്പകൾ, ഭവന- വാഹനവായ്പകൾ എന്നിവയും മികച്ച വാർഷികവളർച്ച കൈവരിച്ചു.
തുടർച്ചയായ ലാഭക്ഷമത, മികച്ച ആസ്തി ഗുണനിലവാരം, ഭദ്രമായ വായ്പാ പോർട്ട്ഫോളിയോ, ശക്തമായ റീട്ടെയിൽ നിക്ഷേപ അടിത്തറ എന്നിവയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബിസിനസ് വളർച്ചയുടെ അടിസ്ഥാനമെന്ന് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.