രേഖകളിൽ പിഴവ്: ഇന്ത്യൻ മാമ്പഴങ്ങളുടെ ഷിപ്മെന്റ് യുഎസ് റദ്ദാക്കി
Monday, May 19, 2025 1:21 AM IST
മുംബൈ: ഇന്ത്യ യുഎസിലേക്ക് വിമാനം മാർഗം കയറ്റിവിട്ട മാന്പഴങ്ങളുടെ 15 ഷിപ്പ്മെന്റുകൾ യുഎസ് അധികൃതർ നിരസിച്ചു. കീടങ്ങളെ അകറ്റാനും കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനുമായി യുഎസ് നിർദേശിച്ചിട്ടുള്ള നിർബന്ധിത റേഡിയേഷൻ ട്രീറ്റ്മെന്റുമായി ബന്ധപ്പെട്ട രേഖകളിലുണ്ടായ പിഴവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളാണ് മാമ്പഴങ്ങൾ സ്വീകരിക്കാൻ തയാറാകാതിരുന്നത്.
കയറ്റുമതിക്കാരോട് യുഎസിൽവച്ച് ചരക്ക് നശിപ്പിക്കുകയോ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചയയ്ക്കുകയോ ചെയ്യണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. മാന്പഴത്തിന്റെ വേഗം കേടാകുന്ന സ്വഭാവവും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള ഉയർന്ന ചെലവും കാരണം എല്ലാവരും മാന്പഴം ഉപേക്ഷിക്കാൻ തീരുമാനിച്ചു. കയറ്റുമതിക്കാർക്ക് ഏകദേശം 5,00,000 യുഎസ് ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഈ പ്രശ്നം നേരിട്ട കയറ്റുമതിക്ക് മേയ് എട്ട്, ഒന്പത് തീയതികളിൽ മുംബൈയിൽവച്ച് റേഡിയഷൻ പ്രക്രിയകൾ നടത്തിയിരുന്നു. കീടങ്ങളെ ഇല്ലാതാക്കുന്നതിനും കൂടുതൽ കാലം കേട് കൂടാതെ സൂക്ഷിക്കുന്നതിനുമായാണ് ഒരു പഴത്തിന് നിർബന്ധിതമായി നിയന്ത്രിത അളവിൽ വികിരണമേർപ്പെടുത്തുന്ന റേഡിയേഷൻ പ്രക്രിയ നടത്തുന്നത്.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നവി മുംബൈയിൽവച്ച് മാന്പഴങ്ങളിൽ റേഡിയേഷൻ പ്രക്രിയ നടത്തിയെന്ന് കയറ്റുമതിക്കാർ വ്യക്തമാക്കി. അമേരിക്കയിലേക്കു കയറ്റിവിടുന്ന മാന്പഴങ്ങൾക്ക് നിർബന്ധമായും വേണ്ട പിപിക്യു203 ഫോം സാക്ഷ്യപ്പെടുത്തുന്നതിന് ഈ ഉദ്യോഗസ്ഥൻ ഉത്തരവാദിയാണ്. ഇറേഡിയേഷൻ കേന്ദ്രത്തിലുണ്ടായ തെറ്റുകൾക്ക് ഞങ്ങൾ ശിക്ഷിക്കപ്പെടുകയാണെന്ന് കയറ്റുമതിക്കാർ പറഞ്ഞു.
തെറ്റായി നൽകിയ പിപിക്യു203 കാരണമാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ കയറ്റുമതിക്ക് പ്രവേശനം നിഷേധിച്ചതെന്ന് യുഎസ്ഡിഎ ഒരു കയറ്റുമതിക്കാരാന് അയച്ച അറിയിപ്പിൽ പറയുന്നു.