ടേബിൾ ടെന്നീസ് വേൾഡ് ചാന്പ്യൻഷിപ്പ്; പ്രതീക്ഷയോടെ ഇന്ത്യ
Sunday, May 18, 2025 12:36 AM IST
ദോഹ: ശനിയാഴ്ച ദോഹയിൽ നടന്ന ടേബിൾ ടെന്നീസ് വേൾഡ് ചാന്പ്യൻഷിപ്പ് 2025ൽ ഇന്ത്യൻ വനിതാ ഡബിൾസ് ജോഡികളായ അയ്ഹിക മുഖർജി/സുതീർഥ മുഖർജി, യശസ്വിനി ഘോർപഡെ/ദിയ ചിതാലെ എന്നിവർ യഥാക്രമം 64 റൗണ്ട് മത്സരങ്ങളിൽ വിജയത്തോടെ തുടക്കം കുറിച്ചു. ഇന്ത്യയുടെ ശ്രീജ അകുല തായ്ലൻഡ് താരത്തോട് തോറ്റ് പുറത്തായി.
അയ്ഹിക-സുതീർഥ സഖ്യം തുർക്കിയുടെ ഓസ്ഗെ യിൽമാസ്, ഇസെ ഹരാക് എന്നിവരെ 3-2നും യശസ്വിനി-ദിയ സഖ്യം ഉസ്ബെക്കിസ്ഥാന്റെ മർഖബോ മഗ്ദീവ-അസെൽ എർകെബേവ എന്നിവരെ 3-1നും പരാജയപ്പെടുത്തി.
പുരുഷ ഡബിൾസിൽ ഗുജറാത്ത് ജോഡിയായ മാനവ് തക്കറും മനുഷ് ഷായും സ്ലോവേനിയയുടെ പീറ്റർ ഹ്രിബാർ-ഡെനി കൊസുൾ സഖ്യത്തെ (11-7, 11-8, 11-6) നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി.