ഞാൻ ആ ഭാരം കുറച്ചു, ഇന്ത്യക്കാരുടെയും: നീരജ്
Sunday, May 18, 2025 12:36 AM IST
ദോഹ (ഖത്തർ): ഒടുവിൽ നീരജിന്റെ ജാവലിൻ ആ മാന്ത്രികദൂരം തൊട്ടു. കരിയറിൽ ആദ്യമായി 90 മീറ്റർ ദൂരം പിന്നിട്ട നീരജിന് സീസണിലെ ആദ്യ മേജർ മത്സരത്തിൽ തന്നെ മിന്നും തുടക്കം. ദോഹ ഡയമണ്ട് ലീഗ് മീറ്റിൽ തന്റെ മൂന്നാം ത്രോയിൽ 90.23 മീറ്റർ കുറിച്ചാണ് നീരജ് ചോപ്ര 90 മീറ്റർ എന്ന കടന്പ പിന്നിട്ടത്.
പരിക്കും വിവാദങ്ങളും തന്റെ പ്രകടനങ്ങളെ ബാധിച്ചില്ലെന്ന് തെളിയിച്ചാണ് നീരജ് പുതിയദൂരം കണ്ടെത്തിയത്. ഒളിന്പിക്സിലും ലോക ചാന്പ്യൻഷിപ്പിലും സ്വർണം സ്വന്തമാക്കിയെങ്കിലും 90 മീറ്ററെന്ന കടന്പ പിന്നിടാൻ നീരജിന് കഴിഞ്ഞിരുന്നില്ല. 2022ലെ സ്റ്റോക്ക്ഹോം ഡയമണ്ട് മീറ്റിൽ കുറിച്ച 89.94 മീറ്ററിന്റെ തന്റെതന്നെ ദേശീയ റിക്കാര്ഡും നീരജ് മറികടന്നു.
ഒളിന്പിക്സിനുശേഷം പരിക്കിന്റെ പിടിയിലായിരുന്ന നീരജ് പുതിയ പരിശീലകൻ ചെക് റിപ്പബ്ലിക്കിന്റെ യാൻ സെലൻസിയുടെ കീഴിലാണ് ഫോമിൽ തിരിച്ചെത്തിയത്. 90 മീറ്റർ പിന്നിടുന്ന മൂന്നാമത്തെ ഏഷ്യൻ താരവുമായി. പാക്കിസ്ഥാന്റെ അർഷാദ് നദീം (92.97), ചൈനീസ് തായ്പേയിയുടെ ചവൊ സുൻ ചെങ് (91.36) എന്നിവരാണ് മറ്റു താരങ്ങൾ. ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന 25-ാമത്തെ താരമാണ് നീരജ്.
ഇപ്പോൾ നീരജിന്റെ പരിശീലകനായ ചെക്ക് റിപ്പബ്ലിക് താരം യാൻ ഷെലസ്നിയുടെ പേരിലാണ് ലോക റിക്കാർഡ് (98.48 മീറ്റർ).
നീരജിന്റെ പ്രകടനം
ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയ ഇന്ത്യൻ ആരാധകരെ ആവേശത്തിലാഴ്ത്തിയ പ്രകടനമായിരുന്നു ഇരുപത്തിയേഴുകാരൻ നീരജിന്റേത്. ആദ്യ ശ്രമത്തിൽത്തന്നെ 88.48 മീറ്റർ ദൂരം കുറിച്ച നീരജ് ഫോം പ്രകടമാക്കി.
രണ്ടാം ശ്രമം ഫൗളായെങ്കിലും മൂന്നാം ശ്രമത്തിൽ നീരജിന്റെ ജാവലിൻ 90 മീറ്റർ കടന്നു കുതിച്ചു. നാലാം ശ്രമത്തിൽ നീരജ് 80.56ൽ മോശം പ്രകടനം. നാലാം ശ്രമം ഫൗൾ. അഞ്ചാം ശ്രമത്തിൽ ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും 88.20 മീറ്ററാണ് പിന്നിടാനായത്.
മത്സരത്തിന്റെ അഞ്ചാം റൗണ്ട് വരെ നീരജായിരുന്നു മുന്നിൽ. ജർമൻ താരം ജൂലിയൻ വെബ്ബർ അവസാന റൗണ്ടിൽ (91.06 മീറ്റർ) എറിഞ്ഞതോടെ നീരജ് രണ്ടാം സ്ഥാനത്തായി. ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് മൂന്നാം സ്ഥാനം (85.64 മീറ്റർ). മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം കിഷോർ ജന എട്ടാം സ്ഥാനത്തായി (78.60 മീറ്റർ).
അഭിനന്ദിച്ച് മോദി
ദോഹ ഡയമണ്ട് ലീഗിൽ 90.23 ദൂരമെറിഞ്ഞ് സ്വന്തം റിക്കാർഡ് തിരുത്തിയ നീരജിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. “വിസ്മയിപ്പിക്കുന്ന നേട്ടം. ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ പിന്നിട്ട് വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ.
അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമാണിത്. ഇന്ത്യ നിങ്ങളിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു’’- എക്സിൽ മോദി കുറിച്ചു.
“ഇതിലും നന്നായി ചെയ്യാൻ കഴിയും”
“90 മീറ്റർ ദൂരം എന്നത് നേടാവുന്ന ദൂരമാണെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നു. രണ്ടുതവണ 88ലധികം ദൂരം എറിഞ്ഞിട്ടുണ്ട്. കോച്ച് യാൻ സെലെസ്നി എന്നോടൊപ്പം ഉണ്ടായിരുന്നു, ഇന്ന് അത് സംഭവിക്കുമെന്നും എനിക്ക് ഇതിനേക്കാൾ നന്നായി ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.
2018 മുതൽ മത്സരിച്ചിട്ടും ഞാൻ അത് ചെയ്തിട്ടില്ലാത്തതിനാൽ എനിക്ക് 90 മീറ്റർ എറിയാൻ കഴിയുമോ ഇല്ലയോ എന്ന ചോദ്യം പലർക്കും ഉണ്ടായിരുന്നു. മുന്പ് 88-89 മീറ്റർ മറികടന്നിരുന്നു, പക്ഷേ 90 മീറ്ററിൽ എത്തിയിട്ടില്ല. ഒടുവിൽ, ആ ഭാരം കുറഞ്ഞു. എനിക്ക് മാത്രമല്ല, ഇന്ത്യക്കാർക്കും, ഭാരം കുറഞ്ഞു. ഇതിലും നന്നായി ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു”- നീരജ് മത്സരത്തിന് ശേഷം പറഞ്ഞു.