“മെസി വരും, കളിക്കും”
Sunday, May 18, 2025 12:36 AM IST
കൽപ്പറ്റ: ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കേരളത്തിൽ കളിക്കില്ലെന്ന പ്രചാരണത്തിൽ കാന്പില്ലെന്ന് ആന്റോ അഗസ്റ്റിൻ. വയനാട് വാഴവറ്റയിലെ വസതിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർജന്റൈൻ ടീമിന്റെ കേരള പര്യടനത്തിന് ആവശ്യമായ കാര്യങ്ങൾ പൂർത്തിയാക്കി വരികയാണ്. മെസിയും ടീമും കേരളത്തിൽ കളിക്കണമോ വേണ്ടയോ എന്ന് അന്തിമമായി തീരുമാനിക്കേണ്ടത് അർജന്ൈറൻ ഫുട്ബോൾ അസോസിയേഷനാണ്. എഎഫ്എയുമായാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനി കരാറിൽ ഏർപ്പെട്ടതെന്നും മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പറഞ്ഞു.
കേരളത്തിൽ കളിക്കില്ലെന്ന് എഎഫ്എ അറിയിച്ചിട്ടില്ല. ഫിഫ നിലവാരത്തില്‍ സ്റ്റേഡിയം തയാറാക്കാന്‍ തടസമില്ലെന്നും ടീം ഉറപ്പായും കേരളത്തില്‍ എത്തുമെന്നും സ്പോണ്സര് വിശദീകരിച്ചു.
എഎഫ്എയുമായുള്ള കരാറിൽ പറഞ്ഞതുപ്രകാരം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതടക്കം ചെയ്തുവരികയാണ്. ഇനി അസോസിയേഷൻ കളിക്കുള്ള തീയതി അറിയിക്കണം.
ഒക്ടോബർ ആറു മുതൽ 14 വരെയും 10 മുതൽ 18 വരെയുമാണ് ഫിഫ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അർജന്റൈൻ ടീമിന് അനുമതി നൽകിയിട്ടുള്ളത്. ഇതിൽ ഒരു സമയമാണ് കേരളത്തിന് അലോട്ട് ചെയ്യേണ്ടത്. സ്ഥിരീകരണത്തിന് കന്പനി കാത്തിരിക്കുകയാണ്.
മെസിയും ടീമും കേരളത്തിൽ കളിക്കുമെന്നാണ് വിശ്വാസം. അർജന്റൈൻ ടീമിനു നേരിടുന്നതിന് 50ൽ താഴെ ലോക റാങ്കിംഗുള്ള ടീമിനെ സജ്ജമാക്കേണ്ടതുണ്ട്.
ഇതിനുള്ള നീക്കവും നടന്നുവരികയാണ്. മത്സരവേദി തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.