പഞ്ചാബി സ്റ്റൈല്‍...
Monday, May 19, 2025 1:22 AM IST
ജയ്പുര്‍: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ പോരാട്ടം പഞ്ചാബി സ്റ്റൈലില്‍ തുടങ്ങി ശ്രേയസ് അയ്യറും സംഘവും. ജയ്പുരില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് 10 റണ്‍സിന് ആതിഥേയരായ രാജസ്ഥാന് റോയല്‍സിനെ കീഴടക്കി.
നാല് ഓവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തി, രാജസ്ഥാന് റോയല്‍സിന്റെ ജയത്തിലേക്കുള്ള യാത്രയ്ക്കു തടയിട്ട പഞ്ചാബി ബൗളര്‍ ഹര്‍പ്രീത് ബ്രാറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ് പരിക്കിനുശേഷം കളത്തില്‍ തിരിച്ചെത്തിയ മത്സരമായിരുന്നു.
വധേര, ശശാങ്ക്
ടോസ് ജയിച്ച് ക്രീസില്‍ എത്തിയ പഞ്ചാബ് കിംഗ്സിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ (9), പ്രഭ്സിമ്രന് സിംഗ് (21), മിച്ചല്‍ ഓവന് (0) എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ 34 റണ്‍സ് ഉള്ളപ്പോള്‍ പവലിയനില്‍ എത്തി. നാലാം വിക്കറ്റില്‍ നേഹല്‍ വധേരയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും ചേര്‍ന്ന് ആദ്യ രക്ഷാപ്രവര്‍ത്തനം നടത്തി. ഇവരുടെ കൂട്ടുകെട്ടില്‍ 67 റണ്‍സ് പിറന്നു. ശ്രേയസ് അയ്യറിനെ (25 പന്തില്‍ 30) പുറത്താക്കി റിയാന്‍ പരാഗ് ഈ കൂട്ടുകെട്ട് പൊളിച്ചു.
എന്നാല്‍, പിന്നീട് എത്തിയ ശശാങ്ക് സിംഗിന്റെ കടന്നാക്രണം പഞ്ചാബ് കിംഗ്സിനെ 200 കടത്തി. 37 പന്തില്‍ അഞ്ച് സിക്സും അഞ്ച് ഫോറും അടക്കം 70 റണ്‍സ് നേടിയ നേഹല്‍ വധേര 16-ാം ഓവറിന്റെ അവസാന പന്തില്‍ പുറത്തായി. പഞ്ചാബിന്റെ സ്കോര്‍ 159ല്‍ എത്തിയപ്പോഴായിരുന്നു അത്.
30 പന്തില്‍ മൂന്നു സിക്സും അഞ്ച് ഫോറും അടക്കം 59 റണ്‍സുമായി ശശാങ്ക് സിംഗ് പുറത്താകാതെ നിന്നു. ഒമ്പത് പന്തില്‍ 21 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായിയാണ് പഞ്ചാബിനെ 219ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
തുടക്കം മിന്നിച്ച് രാജസ്ഥാന്
220 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ രാജസ്ഥാന് റോയല്‍സിന്റെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും ആദ്യവിക്കറ്റില്‍ 4.5 ഓവറില്‍ 76 റണ്‍സ് അടിച്ചുകൂട്ടി. 15 പന്തില്‍ നാലു സിക്സും നാലു ഫോറും അടക്കം 40 റണ്‍സ് നേടി. 25 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തശേഷമായിരുന്നു ജയ്സ്വാളിന്റെ മടക്കം. സഞ്ജു സാംസണ് (16 പന്തില്‍ 20) നിരാശപ്പെടുത്തി. റിയാന്‍ പരാഗിനും (11 പന്തില്‍ 13) തിളങ്ങാനായില്ല.
എന്നാല്‍, ധ്രുവ് ജുറെല്‍ (31 പന്തില്‍ നാല് സിക്സും മൂന്നു ഫോറും അടക്കം 53) അര്‍ധസെഞ്ചുറി സ്വന്തമാക്കി ടീമിനെ ജയത്തിലേക്ക് അടുപ്പിച്ചു. എന്നാല്‍, 12 പന്തില്‍ 11 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയറിന്റെ മെല്ലപ്പോക്ക് ടീമിനെ പിന്നോട്ടുവലിച്ചു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന ശക്തമായ നിലയില്‍നിന്നാണ് രാജസ്ഥാന് റോയല്‍സ് തോല്‍വിയിലേക്കു വീണത്. രാജസ്ഥാന്റെ 10-ാം തോൽവിയാണ്. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ മൂന്നും മാര്‍ക്കോ യാന്സണ്, അസ്മത്തുള്ള ഒമര്‍സായ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി.