മെക്സിക്കൻ നാവികസേന പായ്കപ്പൽ ബ്രൂക്ലിൻ പാലത്തിലിടിച്ച് രണ്ടു പേർ മരിച്ചു
Monday, May 19, 2025 5:00 AM IST
ന്യൂയോർക്ക്: മെക്സിക്കൻ നാവികസേനയുടെ പായ്ക്കപ്പൽ ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ പാലത്തിലിടിച്ച് രണ്ട് നാവികർ മരിക്കുകയും 19 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മൂന്നു പാമരങ്ങളുള്ള ക്വാവുടെമോക് എന്ന പരിശീലന കപ്പലാണ് അപകടത്തിൽപ്പെട്ടത്. യന്ത്രഭാഗങ്ങളിലുണ്ടായ തകരാറാണ് കാരണമെന്നു കരുതുന്നു.
വൈദ്യുതി അലങ്കാരങ്ങളും കൂറ്റൻ മെക്സിക്കൻ പതാകയും ഘടിപ്പിച്ചിരുന്ന കപ്പലിന്റെ 45 മീറ്റർ ഉയരമുള്ള പാമരങ്ങളാണ് പാലത്തിന്റെ മുകളിൽ തട്ടിയത്. മൂന്നു പാമരങ്ങളും ഒടിഞ്ഞു. പാമരങ്ങളിൽ നിന്നിരുന്ന നാവികർ കപ്പലിന്റെ ഡെക്കിലേക്കു വീണു. തീരത്തോട് ചേർന്ന് സംഭവം വീക്ഷിച്ചിരുന്ന ജനക്കൂട്ടം നിയന്ത്രണം തെറ്റി വരുന്ന കപ്പൽ കണ്ട് ഓടി രക്ഷപ്പെട്ടു.
ന്യൂയോർക്കിൽ സൗഹൃദസന്ദർശനം നടത്തിയ കപ്പലിൽ 277 നാവികരുണ്ടായിരുന്നു. ഐസ്ലൻഡിലേക്ക് യാത്ര ആരംഭിക്കവേയാണ് അപകടമുണ്ടായത്. 1982ൽ നിർമിച്ച കപ്പലിന് 92 മീറ്റർ നീളമുണ്ട്.
142 വർഷം പഴക്കമുള്ള ബ്രൂക്ലിൻ പാലത്തിന് തകരാറുണ്ടായിട്ടില്ല. മാൻഹട്ടണും ബ്രൂക്ലിനും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പ്രാഥമിക പരിശോധനയ്ക്കുശേഷം തുറന്നുകൊടുത്തു.