മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതി: അടിയന്തര റിപ്പോർട്ട് തേടി
Monday, May 19, 2025 11:38 AM IST
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ പോലീസ് സ്റ്റേഷനിൽ വച്ച് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ സിറ്റി പോലീസ് കമ്മീഷണർ അടിയന്തര റിപ്പോർട്ട് തേടി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറോടാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷണർ നിർദേശിച്ചത്.
പേരൂർക്കട പോലീസാണ് ബിന്ദു എന്ന ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്നത്. വീട്ടുജോലിക്ക് നിന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നൽകിയ പരാതിയിലാണ് പേരൂർക്കട പോലീസ് 20 മണിക്കൂറിലേറെ നേരം കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
പിന്നീട് കാണാതായെന്ന് പറയുന്ന സ്വർണമാല പരാതിക്കാരിയുടെ വീട്ടിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ വച്ച് പോലീസ് തന്നെ മാനസികമായി വിഷമിപ്പിക്കുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു യുവതി വ്യക്തമാക്കിയത്.
മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി പോലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. മണിക്കൂറുകൾ പോലീസ് സ്റ്റേഷനിൽ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും യുവതി പറയുന്നു.
കഴിഞ്ഞ മാസം 23നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് യുവതിയെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. രാത്രിമുഴുവൻ വളഞ്ഞിട്ടുള്ള ചോദ്യം ചെയ്യൽ സഹിക്കേണ്ടി വന്നുവെന്നും രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് വിട്ടയച്ചതെന്നും യുവതി പറയുന്നു. യുവതി പോലീസ് കംപ്ലയിന്‍സ് കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോൾ അവഗണന നേരിട്ടുവെന്നും യുവതി മാധ്യമങ്ങളോടു പറഞ്ഞു. പരാതി നൽകാൻ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നുവെന്നും യുവതി മാധ്യമങ്ങളോടു പറഞ്ഞു.