ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടി, വേടനെ വേട്ടയാടാൻ സമ്മതിക്കില്ല: എം.വി.ഗോവിന്ദൻ
Monday, May 19, 2025 12:11 PM IST
കണ്ണൂർ: റാപ്പർ വേടനെതിരായ പുലിപല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വേടന്റെ പ്രവർത്തനത്തിൽ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയുണ്ട്. പുല്ലിപ്പല്ല് വിവാദത്തിൽ വേടനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വേണ്ടാത്ത ഇടപെടലാണ് നടത്തിയതെന്നും ഗോവിന്ദൻ പ്രതികരിച്ചു.
വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവനാണ്. വേട്ടയാടാൻ സമ്മതിക്കില്ല. കഞ്ചാവ് പിടിച്ച സംഭവത്തിൽ വേടൻ തെറ്റ് പറ്റിയെന്ന് സമ്മതിച്ചതാണ്, അത് അവിടെ തീരണ്ടതാണ്.
വേടനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തപ്പോൾ പാർട്ടി വേടനൊപ്പം നിന്നു. റാപ്പ് സംഗീതത്തിലൂടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആർഎസ്എസ് പറയുന്നു. ആർഎസ് എസിന് എന്ത് കല ?. വേടൻ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.