ദളിത് യുവതിയെ പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതി ; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ
Monday, May 19, 2025 5:12 PM IST
തിരുവനന്തപുരം: ദളിത് യുവതിയെ പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സ്വർണ്ണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ യുവതിയെ പോലീസ് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി, അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് അന്വേഷണം ഏൽപ്പിക്കണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിൽ പറയുന്നു.
ജില്ലാ പോലീസ് മേധാവി സൗത്ത് സോൺ ഐജിയുമായി ആലോചിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം. പോലീസിന്റെ പീഡനത്തിന് ഇരയായ യുവതിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.