ഗാസയിലേക്കു ഭക്ഷ്യവസ്തുക്കൾ കടത്തിവിടുമെന്ന് ഇസ്രയേൽ
Tuesday, May 20, 2025 6:04 AM IST
ടെൽ അവീവ്: രണ്ടുമാസമായി തുടരുന്ന ഗാസ ഉപരോധം ഭാഗികമായി പിൻവലിക്കാൻ ഇസ്രയേൽ തീരുമാനിച്ചു. പരിമിതമായ തോതിൽ ഗാസയിലേക്കു ഭക്ഷ്യവസ്തുക്കൾ കടത്തിവിടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഗാസയിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനാണിതെന്നും വിശദീകരിച്ചു.
ഗാസയിലേക്കു ഭക്ഷ്യവസ്തുക്കൾ കടത്തിവിടാൻ അന്താരാഷ്ട്ര സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ഇസ്രേലി നടപടി. അതേസമയം, സൈന്യത്തിന്റെ ശിപാർശയനുസരിച്ചാണു തീരുമാനമെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കിയത്.
ഭക്ഷ്യവസ്തുക്കളുമായി 50 ലോറികളും ശിശുഭക്ഷണം കയറ്റിയ ഒന്പതു ലോറികളും ഇന്നലെ ഗാസയിലേക്കു കടത്തിവിടുമെന്നാണ് ഇസ്രേലി, പലസ്തീൻ വൃത്തങ്ങൾ സൂചിപ്പിച്ചത്. ഭക്ഷ്യവസ്തുക്കൾ കൊള്ളയടിക്കാൻ ഹമാസ് ഭീകരരെ അനുവദിക്കില്ലെന്ന് ഇസ്രയേൽ പറഞ്ഞു.