സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ സുപ്രീംകോടതി; ക്ഷമാപണം തള്ളി, ബിജെപി മന്ത്രിക്കെതിരേ അന്വേഷണം
Tuesday, May 20, 2025 2:18 AM IST
സനു സിറിയക്
ന്യൂഡൽഹി: "ഓപ്പറേഷൻ സിന്ദൂറി'നെക്കുറിച്ച് രാജ്യത്തോടു വിവരിച്ച സൈനിക വക്താവ് സോഫിയ ഖുറേഷിക്കെതിരേ നടത്തിയ വിവാദ പരാമർശത്തിൽ മധ്യപ്രദേശിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം (എസ്ഐടി) രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.
ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നു രാവിലെ പത്തിനുമുന്പ് രൂപീകരിക്കാനാണു മധ്യപ്രദേശ് ഡിജിപിയോട് ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്.
ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മൂന്നംഗ അന്വേഷണസംഘത്തെ നയിക്കണം, മധ്യപ്രദേശിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ മാത്രമേ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്താവൂ, ഇതിൽ ഒരാൾ പോലീസ് സൂപ്രണ്ട് (എസ്പി) റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയായിരിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.
കേസിലെ തത്സ്ഥിതി റിപ്പോർട്ട് ഈ മാസം 28 നകം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ ഷായുടെ അറസ്റ്റ് തടഞ്ഞ കോടതി, അന്വേഷണത്തോടു സഹകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
തന്റെ പരാമർശത്തിൽ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും അതിനാൽ തനിക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, മന്ത്രിയുടെ പരാമർശം രാജ്യത്തിനു മുഴുവൻ നാണക്കേട് വരുത്തിവച്ചുവെന്നും നിയമപരമായ പ്രത്യാഘാതങ്ങളിൽനിന്ന് ഒളിച്ചോടാനുള്ള മുതലക്കണ്ണീർ മാത്രമാണു ഷാ നടത്തിയ ക്ഷമാപണമെന്നും കോടതി വിമർശിച്ചു.
മന്ത്രി വിവാദ പരാമർശം നടത്തിയ വീഡിയോ കോടതി കണ്ടതായും മോശം ഭാഷകൾ ഉപയോഗിക്കുന്നതിന്റെ വക്കിലായിരുന്നു അദ്ദേഹമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. രാജ്യം പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോകുന്പോൾ പൊതുപ്രവർത്തകർ തങ്ങളുടെ സംവേദനക്ഷമത പാലിക്കണമെന്നു വിഷയം പരിഗണിക്കവെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷവും നടപടികളൊന്നും സ്വീകരിക്കാതിരിക്കുന്ന മധ്യപ്രദേശ് സർക്കാരിനെയും കോടതി ഇന്നലെ വിമർശിച്ചു.
കേസ് രജിസ്റ്റർ ചെയ്തിട്ട് ഏതുതരം കുറ്റകൃത്യമാണു നടന്നതെന്ന് അന്വേഷിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന് കൂടുതൽ നടപടികൾ സ്വീകരിക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
സോഫിയ ഖുറേഷിയെ "തീവ്രവാദികളുടെ സഹോദരി' എന്നു വിശേഷിപ്പിച്ച ബിജെപി മന്ത്രിയുടെ പ്രസ്താവനയിൽ എഫ്ഐആർ ഇട്ട് കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി കഴിഞ്ഞ ബുധനാഴ്ച ഉത്തരവിട്ടിരുന്നു. ഇതിനെതിരേ മന്ത്രി സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിഷയത്തിൽ അന്വേഷണം ആരംഭിക്കാൻ കോടതി നിർദേശിച്ചത്.
"ഓപ്പറേഷൻ സിന്ദൂറി'ന്റെ വിജയം ആഘോഷിക്കുന്പോൾ പൊതുപരിപാടിയിലെ ബിജെപി മന്ത്രിയുടെ പ്രസ്താവന കേന്ദ്രസർക്കാരിനെയും പാർട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.
എന്നാൽ, മന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ വിഷയമാണെന്നാണു ബിജെപിയുടെ നിലപാട്. പരാമർശത്തിനു പിന്നാലെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ മടിച്ചതിനെത്തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെയാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.