"ഉടൻ തീരുമാനമെടുക്കണം'; മുല്ലപ്പെരിയാർ: തമിഴ്നാടിന്റെ അപേക്ഷയിൽ കേരളത്തോടു സുപ്രീംകോടതി
Tuesday, May 20, 2025 2:18 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് മരങ്ങൾ മുറിക്കാൻ അനുമതി തേടി തമിഴ്നാട് നൽകിയ അപേക്ഷയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ കേരളത്തോടു നിർദേശിച്ച് സുപ്രീംകോടതി.
കേരളം കേന്ദ്രത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ ശിപാർശ കൈമാറണമെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ അന്തിമ തീരുമാനം കേന്ദ്രസർക്കാരിന്റേതാണ്.
മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തോടൊപ്പം അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യം കേരളം അംഗീകരിക്കണമെന്നും കോടതി നിർദേശിച്ചു. വള്ളക്കടവ്- മുല്ലപ്പെരിയാർ ഘട്ട് റോഡ് നാലാഴ്ചയ്ക്കുള്ളിൽ നവീകരിക്കണമെന്നും കോടതി നിർദേശിച്ചു.
നിർമാണം നടത്തേണ്ടതു കേരളമാണെങ്കിലും തമിഴ്നാട് ഇതിനുള്ള ചെലവ് വഹിക്കണം. റോഡിന്റെ പുനർനിർമാണ സമയത്ത് തമിഴ്നാടിന്റെ ഒരു ഉദ്യോഗസ്ഥൻ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.
അതോടൊപ്പം അണക്കെട്ടിലെ അറ്റകുറ്റപ്പണികൾക്കായി രണ്ടാമതൊരു ബോട്ട് അനുവദിക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചു.
അണക്കെട്ടിൽ ഗ്രൗട്ടിംഗ് നടത്തുന്നതിനും തമിഴ്നാട് സർക്കാരിന് കോടതി അനുമതി നൽകി. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്താൻ കേരളത്തോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമർപ്പിച്ച ഹർജിയിലാണു കോടതി നടപടി.
അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് കേരളം തമിഴ്നാടിനു നേരത്തെ അനുമതി നൽകിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാരിൽനിന്ന് അനുമതി തേടണമെന്നാണു കേരളം ആവശ്യപ്പെടുന്നതെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് അറ്റകുറ്റപ്പണികൾ നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോടതി കേരളത്തോടു നിർദേശിച്ചത്.