സ്വകാര്യ ആവശ്യങ്ങൾക്ക് അനുവദിച്ചിട്ടുള്ള വനഭൂമികൾ തിരികെ പിടിക്കണമെന്ന്
സ്വന്തം ലേഖകൻ
Monday, May 19, 2025 1:39 AM IST
ന്യൂഡൽഹി: വനവത്കരണ ആവശ്യങ്ങൾക്കല്ലാതെ സ്വകാര്യ വ്യക്തികൾക്ക് വനഭൂമി അനുവദിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദേശിച്ച് സുപ്രീംകോടതി.
പൂനയിലെ റിസർവ് വനഭൂമിയുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ അഗസ്റ്റിൻ ജോർജ് മസിഹ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്. റിസർവ് വനഭൂമികൾ സ്വകാര്യ വ്യക്തികൾക്ക് അനുവദിച്ചിട്ടുണ്ടെങ്കിൽ ഭൂമിയുടെ കൈവശാവകാശം തിരിച്ചുപിടിക്കുകയും വനാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും വേണം.
പൊതുതാത്പര്യത്തിന് അനുയോജ്യമായി ഏതെങ്കിലും റിസർവ് വനഭൂമി ഉപയോഗിക്കുന്നുണ്ടെങ്കിൽ പ്രസ്തുത ഭൂമിയുടെ വില ഈടാക്കുകയും ആ തുക വനവികസനത്തിനായി ഉപയോഗിക്കുകയും ചെയ്യണം. 2026 മേയ് 15നു മുന്പായി ഇത്തരത്തിലുള്ള എല്ലാ കൈമാറ്റങ്ങളും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക ടീമുകൾ രൂപീകരിക്കാനും സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണാധികളോടും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ഇത്തരത്തിൽ പൂനയിൽ സ്വകാര്യ വ്യക്തിക്ക് അനുവദിച്ച ഭൂമി വനംവകുപ്പിന് തിരികെ നല്കാൻ ഉത്തരവിട്ടുകൊണ്ടായിരുന്നു കോടതി ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന്റെ മറവിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കെട്ടിട നിർമാതാക്കളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ വിലയേറിയ വനഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റുന്നതിലേക്ക് എങ്ങനെ നയിക്കുമെന്നതിന് ഉദാഹരണമാണ് ഈ കേസ് എന്നും കോടതി നിരീക്ഷിച്ചു.
റിസർവ് ചെയ്ത വനഭൂമികൾ വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുൻ ഉത്തരവുകളും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സമയപരിധി വച്ച് ഇത്തരം ഭൂമികൾ തിരിച്ചു പിടിക്കാനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്.
കേരളത്തിലടക്കം തർക്കത്തിലിരിക്കുന്ന നിരവധി ഭൂമിക്ക് ഈ ഉത്തരവ് ബാധകമായേക്കാം. സംസ്ഥാനത്ത് റിസർവ് ചെയ്ത ഏതെങ്കിലും വനഭൂമികൾ വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ വനം വകുപ്പിന് അത് തിരിച്ചുപിടിക്കാനുള്ള അവകാശമാണ് സുപ്രീംകോടതി ഈ ഉത്തരവിലൂടെ നൽകിയിരിക്കുന്നത്.