സുവർണക്ഷേത്രം ആക്രമിക്കാനുള്ള പാക് ശ്രമം തടഞ്ഞിരുന്നുവെന്ന് സൈന്യം
Tuesday, May 20, 2025 2:18 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഒന്പത് ഭീകരകേന്ദ്രങ്ങൾക്കു നേരേ ഇന്ത്യ നടത്തിയ ആക്രമണത്തിനു പ്രതികാരമായി അമൃത്സറിലെ സുവർണക്ഷേത്രം ലക്ഷ്യംവച്ച് പാക്കിസ്ഥാൻ ആക്രമണങ്ങൾ നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി സൈന്യം.
എന്നാൽ, രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം ഈ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളായ ആകാശ് മിസൈൽ സംവിധാനവും എൽ-70 ഗണ്ണുകളും എങ്ങനെയാണ് പാക്കിസ്ഥാൻ വ്യോമാക്രമണങ്ങളെ തടഞ്ഞതെന്നു വിശദീകരിച്ച് കരസേന അമൃത്സറിൽ പ്രദർശനം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു വെളിപ്പെടുത്തൽ.
പാക്കിസ്ഥാന് കൃത്യമായ സൈനികലക്ഷ്യങ്ങളൊന്നുമില്ലാത്തതിനാൽ രാജ്യത്തെ ജനവാസകേന്ദ്രങ്ങളെയും മതസ്ഥാപനങ്ങളെയുമാണ് ലക്ഷ്യമിടുന്നതെന്ന് തങ്ങൾ മുൻകൂട്ടി കണ്ടിരുന്നുവെന്ന് 15-ാം ഇൻഫൻട്രി ഡിവിഷന്റെ കമാൻഡിംഗ് ജനറൽ ഓഫീസറായ മേജർ ജനറൽ കാർത്തിക് സി. ശേഷാദ്രി പറഞ്ഞു. സുവർണക്ഷേത്രത്തെ പൊതിഞ്ഞ് ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ അധികമായി വിന്യസിച്ചിരുന്നുവെന്ന് ശേഷാദ്രി വ്യക്തമാക്കി.
കഴിഞ്ഞ എട്ടിനു പുലർച്ചെ ഇരുട്ടിന്റെ മറവിൽ ഡ്രോണുകളും ദീർഘദൂര മിസൈലുകളും ഉപയോഗിച്ചു പാക്കിസ്ഥാൻ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നുവെങ്കിലും ആക്രമണങ്ങളെ പൂർണമായും തടയാനായെന്നും ശേഷാദ്രി പറഞ്ഞു.
അമൃത്സർ, ജമ്മു, ശ്രീനഗർ, ജലന്ധർ, ലുധിയാന തുടങ്ങിയ ഇന്ത്യൻ നഗരങ്ങളെയും രാജ്യത്തെ സൈനികകേന്ദ്രങ്ങളെയും പാക്കിസ്ഥാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് നേരത്ത പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.