ഹൈദരാബാദിൽ വൻ തീപിടിത്തം; എട്ട് കുട്ടികൾ ഉൾപ്പെടെ 17 പേർക്കു ദാരുണാന്ത്യം
Monday, May 19, 2025 1:40 AM IST
ഹൈദരാബാദ്: ഹൈദരാബാദിലെ പ്രസിദ്ധമായ ചാര്മിനാറിനോടുചേർന്ന് ഗുൽസാർ ഹൗസിൽ ഒരു കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്കു ദാരുണാന്ത്യം. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഒരു വയസുള്ള പിഞ്ചുകുട്ടിയും ഉണ്ട്. ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് ദുരന്തമെന്നാണു പ്രാഥമിക നിഗമനം.
നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളാണു മേഖലയിൽ ഏറെയും. താഴെ നിലയിൽ നിരവധി ജ്വല്ലറികൾ പ്രവർത്തിക്കുന്ന ഒരു കെട്ടിടത്തിന്റെ മുകളിലെ രണ്ടു നിലകളിൽ ഏതാനും കുടുംബങ്ങൾ താമസിച്ചിരുന്നു. അപകടസമയത്ത് 21 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ആളുകൾക്കു പുറത്തിറങ്ങുവാൻ ഇടുങ്ങിയ ഒരു ഗോവണി മാത്രമാണ് കെട്ടിടത്തിലുണ്ടായിരുന്നത്. തീപിടിത്തത്തെതുടർന്ന് പ്രദേശമാകെ പുക പടർന്നതിനാൽ പലർക്കും താഴെയെത്താൻ കഴിഞ്ഞില്ല.
ഇന്നലെ പുലർച്ചെ ആറിനും ആറേകാലിനും ഇടയിലാണ് തീപിടിത്തം നടന്ന വിവരം ലഭിക്കുന്നതെന്ന് തെലുങ്കാന ഫയർ സർവീസ് ഡയറക് ടർ ജനറൽ വൈ. നാഗി റെഡ്ഡി അറിയിച്ചു.
തീപിടിത്തത്തെ തുടര്‍ന്ന് എയര്‍ കണ്ടീഷണറിന്റെ കംപ്രസറുകള്‍ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. കെട്ടിടത്തിലേക്കു വഴിയില്ലാതിരുന്നത് കാരണം തീ അണയ്ക്കല്‍ വൈകിയിരുന്നു.
സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്കു മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. ഇത്തരം സംഭവങ്ങള്‍ വളരെ ദുഃഖകരമാണെന്നും കേന്ദ്ര സര്‍ക്കാരുമായും പ്രധാനമന്ത്രിയുമായും സംസാരിക്കുമെന്നും ഈ സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി ജി. കിഷന് റെഡ്ഡി പറഞ്ഞു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗാധദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ വീതം സഹായധനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.