കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു
Tuesday, May 20, 2025 2:17 AM IST
മണ്ണാർക്കാട്: എടത്തനാട്ടുകര പൊൻപാറ ചോലമണ്ണിൽ കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു. കോട്ടപ്പള്ളി എംഇഎസ് ആശുപത്രിപ്പടിയിൽ വാലിപ്പറമ്പൻ ഉമ്മർ (65) ആണു മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ഉമ്മറിനെ ആന കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ടത്. ചോലമണ്ണിലെ തന്റെ റബർതോട്ടത്തിൽ രാവിലെ ടാപ്പിംഗിനു പോയതാണ് ഉമ്മർ.
വൈകുന്നേരമായിട്ടും കാണാതായതോടെ നാട്ടുകാർ തെരച്ചിൽ തുടങ്ങുകയായിരുന്നു. ഇതിനിടെ ആന അലറുന്നതു കേട്ട ഭാഗത്ത് നാട്ടുകാർ തെരച്ചിൽ നടത്തിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാണ് മരണമെന്നാണു പ്രാഥമിക നിഗമനം.
പോലീസും വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സുലൈഖയാണ് ഉമ്മറിന്റെ ഭാര്യ. മക്കൾ: ഷൈനി, ജഷിയ, സാനിഫ. മരുമക്കൾ: ഷൗക്കത്ത്, ഹമീദ്, ഹനീഫ.