ഡിജിറ്റല്‍ സര്‍വകലാശാലാ താത്കാലിക വിസി നിയമനം ശരിവച്ച് ഹൈക്കോടതി
Tuesday, May 20, 2025 2:17 AM IST
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലയില്‍ താത്കാലിക വൈസ് ചാന്‍സലറെ നിയമിച്ച മുൻ ഗവര്‍ണറുടെ നടപടി ശരിവച്ചും എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസി നിയമനം നിയമപരമല്ലെന്നും വ്യക്തമാക്കി ഹൈക്കോടതി ഉത്തരവ്.
ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായിരുന്നപ്പോൾ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനെയും സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. കെ. ശിവപ്രസാദിനെയും നിയമിച്ച നടപടി ചോദ്യം ചെയ്തു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
താത്കാലിക വിസിമാരുടെ കാലാവധി 27ന് പൂര്‍ത്തിയാകുന്നതിനാല്‍ അതുവരെ തുടരാന്‍ അനുവദിക്കുകയും ചെയ്തു. രണ്ടു സര്‍വകലാശാലകളിലും സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികള്‍ തുടങ്ങണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
വിസിയുടെ താത്കാലിക ഒഴിവ് നികത്തേണ്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്കുന്ന പട്ടികയില്‍നിന്ന് ചാന്‍സലര്‍ നിയമനം നടത്തണമെന്നാണു സാങ്കേതിക സര്‍വകലാശാലാ നിയമത്തിലെ 13(7) വകുപ്പ് പറയുന്നത്. ഇക്കാര്യം ഹൈക്കോടതി ഡിവിഷന് ബെഞ്ച് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഈ സാഹചര്യത്തിലാണു ഡോ.ശിവപ്രസാദിനെ ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറായിരുന്നപ്പോള്‍ നേരിട്ടു നിയമിച്ചത് നിയമപരമല്ലെന്നു കോടതി ഉത്തരവിട്ടത്.
അതേസമയം, ചാന്‍സലര്‍ക്ക് നേരിട്ടു നിയമനം നടത്താമെന്നാണ് ഡിജിറ്റല്‍ സര്‍വകലാശാലാ നിയമത്തിലെ 11(10) വകുപ്പ് പറയുന്നത്. അതിനാല്‍ സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ശരിവയ്ക്കുകയും ചെയ്തു.
വിസിമാരുടെ സ്ഥിരം നിയമനം നടക്കുന്നതുവരെ താത്കാലിക നിയമനത്തിനു യോഗ്യരായവരെ കണ്ടെത്താനും കോടതി നിര്‍ദേശിച്ചു. അധ്യാപക നിയമനം സംബന്ധിച്ച യുജിസി യോഗ്യതകളാണ് എല്ലാ നിയമനങ്ങളിലും പരമപ്രധാനമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.