ജില്ലയ്ക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
Tuesday, May 20, 2025 2:17 AM IST
തിരുവനന്തപുരം: സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ 20 മണിക്കൂർ പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം ജില്ലയ്ക്കു പുറത്തുള്ള ഡിവൈഎസ്പി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ജില്ലാ പോലീസ് മേധാവി സൗത്ത് സോണ് ഐജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം.
പോലീസ് പീഡനത്തിനിരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടു. വനിതാ അഭിഭാഷകയെ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണം. യുവതി പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്ത് സ്റ്റേഷനിലുള്ള സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കണം.
ജനറൽ ഡയറി, എഫ്ഐആർ എന്നിവ പരിശോധിച്ചു യുവതി എത്ര സമയം സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് വിലയിരുത്തണം. യുവതി പട്ടികജാതി വിഭാഗത്തിലുള്ളതിനാൽ എസ്സി, എസ്ടി അതിക്രമ നിയമപ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിലയിരുത്തണം.
അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം ജില്ലാ പോലീസ് മേധാവിക്കു കൈമാറണം. ജില്ലാ പോലീസ് മേധാവി തന്റെ വിലയിരുത്തൽ ഉൾപ്പെട്ട റിപ്പോർട്ട് ഒരു മാസത്തിനകം കമ്മീഷനു സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.