കടുവാ ദൗത്യം നീളുന്നു; കുങ്കി ആന ഇടഞ്ഞു, പാപ്പാനു പരിക്ക്
ഉമ്മച്ചൻ തെങ്ങുംമൂട്ടിൽ
Monday, May 19, 2025 2:08 AM IST
കാളികാവ്: റാവുത്തൻ കാട്ടിൽ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന നരഭോജി കടുവയ്ക്കായുള്ള തെരച്ചിൽ നാലാം ദിനവും മഴയിൽ കുതിർന്ന് പാതിവഴിയിൽ നിർത്തി ദൗത്യസംഘം വൈകുന്നേരം നാലോടുകൂടി മലയിറങ്ങി. ഇതിനിടെ ഇന്നലെ രാവിലെ കുങ്കി ആന ഇടഞ്ഞ് പാപ്പാൻ ചന്തുവിനെ കൊന്പിൽ കോർത്തെറിഞ്ഞു. ഇദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ല. കടുവ മറഞ്ഞിരിക്കുന്ന സ്ഥലം കണ്ടൈത്തി മയക്കുവെടിവച്ച് പിടിക്കാനുള്ള സംഘത്തെ സഹായിക്കാനാണ് കുങ്കി ആനകളായ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും എത്തിച്ചിട്ടുള്ളത്. ഇന്നലെ രാവിലെ ഒന്പത് മണിയോടെയായിരുന്നു അനിഷ്ട സംഭവം.
കടുവാ ദൗത്യം നടക്കുന്ന റാവുത്തൻകാട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള പാറശേരിയിലെ മൈലാടി സർക്കാർ എൽപി സ്കൂളിന്റെ അങ്കണത്തിലായിരുന്നു രണ്ട് ആനകളെയും തളച്ചിരുന്നത്. ഒരു സ്ഥലത്ത് തളച്ച ആനകളെ മാറ്റി തളയ്ക്കുന്ന പതിവ് പ്രവൃത്തിക്കായി പാപ്പാൻ ചന്തു ശ്രമിക്കുന്നതിനിടെയാണ് കുഞ്ചു എന്ന കുങ്കിയാന അപ്രതീക്ഷിതമായി ആക്രമിച്ചത്. പാപ്പാനെ കൊന്പിൽ കോരിയെടുത്ത് വലിച്ചെറിയുകയായിരുന്നു. ചന്തുവിന് കഴുത്തിനാണ് പരിക്കേറ്റത്.
കുങ്കി ആനയുടെ പാപ്പാൻ ചന്തുവിന് പരിക്കേറ്റെന്ന വാർത്തയറിഞ്ഞ് സ്ഥലംമാറ്റം ലഭിച്ച് ദൗത്യസംഘത്തോട് യാത്ര പറഞ്ഞ നിലന്പൂർ സൗത്ത് ഡിഎഫ്ഒ ആയിരുന്ന ജി. ധനിക് ലാൽ വണ്ടൂർ ആശുപത്രിയിലെത്തി പരിക്കേറ്റ പാപ്പാൻ ചന്തുവിനെ സന്ദർശിക്കുകയും ദൗത്യസംഘവുമായി ബന്ധപ്പെടുകയും ചെയ്തു. പുതിയ ഡിഎഫ്ഒ നിലന്പൂരലെത്തി ഇതുവരെ ചുമതലയേറ്റിട്ടില്ല. തലവനില്ലാത്ത അവസ്ഥയായിരിക്കുന്നു ദൗത്യസംഘത്തിന്. അതേസമയം കടുവയെ പിടിക്കാൻ കൊണ്ടുവന്ന ആനകളെ ഭയന്നാണ് പാറശേരി നിവാസികൾ ഇപ്പോൾ കഴിയുന്നതെന്ന് നാട്ടുകാർ പറയുന്നു.