കേസ് ഒഴിവാക്കാന്‍ കൈക്കൂലി :അന്വേഷണം കൂടുതൽ ഇഡി ഉദ്യോഗസ്ഥരിലേക്ക്
Monday, May 19, 2025 2:08 AM IST
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസ് അന്വേഷണം ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ ഏജന്റുമാര്‍ ഇഡി ഉദ്യോഗസ്ഥരുടെ അറിവോടെ വാങ്ങിയ പണം ഹവാല ഇടപാടിലൂടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് കടത്തിയതായി വിവരം. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം വിജിലന്‍സിന് ലഭിച്ചിട്ടുള്ളത്. പത്ത് ശതമാനം ഇടനിലക്കാര്‍ക്കും ബാക്കി പണം ഇഡി ഉദ്യോഗസ്ഥര്‍ക്കും എന്ന വ്യവസ്ഥയിലാണ് കൈക്കൂലി വാങ്ങിയിരുന്നത്.
കേസിലെ ഒന്നാം പ്രതിയായ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ നിര്‍ദേശപ്രകാരം പണം മുംബൈയിലുള്ള ഒരു വ്യവസായിയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നത്. ഇവിടെനിന്നാണ് പണം മറ്റിടങ്ങളിലേക്ക് ഹവാല ഇടപാടിലൂടെ മാറ്റിയിരുന്നത്. പ്രതികളുടെ മൊഴികളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണങ്ങള്‍ക്കും തെളിവ് ശേഖരണത്തിനും ഒരുങ്ങുകയാണ് വിജിലന്‍സ് സംഘം. കേസിലെ മൂന്നാം പ്രതി മുകേഷ് കുമാറിന് ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരേയും ആരോപണം
ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാറിനും കേസില്‍ പങ്കുണ്ടെന്ന് പരാതിക്കാരനായ അനീഷ് ബാബു. ചോദ്യം ചെയ്യലിന്റെ ഭാഗമായി വിളിച്ചു വരുത്തിയപ്പോള്‍ മോശമായി പെരുമാറി. നിലത്തിരിക്കാന്‍ തന്നോട് ആവശ്യപ്പെട്ടു.
കേസ് അന്വേഷണത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി. നടപടികള്‍ അവസാനിപ്പിക്കാന്‍ മറ്റൊരു വഴി കാണണം എന്ന് പറഞ്ഞിരുന്നു. ഏജന്റുമാരെ ഇഡി ഓഫീസിലും കണ്ടിട്ടുണ്ട്. ഏജന്റുമാര്‍ക്ക് മാത്രം അറിയാവുന്ന തന്റെ നമ്പറിലേക്കാണ് ഇഡി ഓഫീസില്‍നിന്നു ഫോണ്‍കോള്‍ വന്നത്. സമാന അനുഭവമുള്ള നിരവധി പേരെ തനിക്കറിയാം. എല്ലാ തെളിവുകളും വിജിലന്‍സിന് നല്‍കിയിട്ടുണ്ടെന്നും ഇന്നലെ വിജിലന്‍സിന് മൊഴി നല്‍കിയശേഷം അനീഷ് പ്രതികരിച്ചു.
കേസില്‍ അറസ്റ്റിലായ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ തന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചു. രേഖകള്‍ നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വിനോദ് കുമാറിന് കൈക്കൂലി കേസുമായി ബന്ധമുണ്ടോ എന്നറിയില്ല. പണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സംസാരിച്ചത് വില്‍സണാണ്. എംജി റോഡില്‍ വച്ച് കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൂടുതല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ട്.
വില്‍സണുമായുള്ള കൂടിക്കാഴ്ചകള്‍ റിക്കാര്‍ഡ് ചെയ്ത തെളിവുകള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തെന്ന് പറഞ്ഞായിരുന്നു ഭീഷണി. പിഎംഎല്‍എ ആക്ട് പ്രകാരമാണ് തനിക്ക് നോട്ടീസ് നല്‍കിയതെന്നും അനീഷ് പറഞ്ഞു.
അതേസമയം രാവിലെ വിജിലന്‍സ് ഓഫീസിലെത്തിയ അനീഷ് ഇഡി അഡീഷണല്‍ ഡയറക്ടര്‍ രാധാകൃഷ്ണന് കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് തിരുത്തി. പറഞ്ഞ പേര് മാറിപ്പോയതാണെന്നും വിജിലന്‍സ് ഫോട്ടോ കാണിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞതെന്നും അനീഷ് പറഞ്ഞു.
തെളിവ് ശേഖരിക്കാന്‍ വിജിലന്‍സ്
കേസില്‍ ഇഡി ഉന്നത ഉദ്യോഗസ്ഥര്ക്കെതിരേ അറസ്റ്റിലായവരും പരാതിക്കാരനും മൊഴി നല്കിയ സാഹചര്യത്തില്‍ വിശദമായ അന്വേഷണങ്ങള്‍ക്കും തെളിവ് ശേഖരണത്തിനും ഒരുങ്ങുകയാണ് വിജിലന്‍സ് സംഘം. മൊഴികള്‍ക്കപ്പുറം ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് നീക്കം.
പരാതിക്കാരന് ഹാജരാക്കിയ തെളിവുകള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. പണമിടപാടുകള്‍ നടന്ന ബാങ്ക് അക്കൗണ്ട്, പ്രതികളുടെയും ആരോപണ വിധേയരുടെയും ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ തുടങ്ങിയവ ശേഖരിക്കും. അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിന്റെ ഫോണില്‍ നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സ് കണ്ടെത്തിയതായാണ് വിവരം.
ഇഡിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി രഞ്ജിത്തിന് അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ടോ എന്നും വിജിലന്‍സ് പരിശോധിക്കും. രഞ്ജിത്തിന്റെ ഫോണ്‍ കോടതിയുടെ അനുമതിയോടെ പരിശോധനയ്ക്ക് അയയ്ക്കും.
ഇഡിയും അന്വേഷിക്കും
ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. കൊച്ചി സോണല്‍ ഓഫീസിനോട് ഇഡി ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി.
ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍
കേസിലെ പരാതിക്കാരനടക്കം ആരോപണം ഉന്നയിച്ച ഇഡി ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ തേടാന്‍ വിജിലന്‍സ്. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്ന നടപടികളെക്കുറിച്ച് പരിശോധിച്ചു വരികയാണ്. അറസ്റ്റിലായവരില്‍ നിന്നുള്‍പ്പെടെ ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെയും വിജിലന്‍സ് നിരീക്ഷിച്ചുവരികയാണ്. വിവിധ കേസുകളില്‍ ഇഡിക്കെതിരേ മുമ്പ് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളും വിജിലന്‍സ് പരിശോധിക്കും.