സിപിഎം നേതാവ് ഗോകുൽദാസിനെതിരേ ആരോപണവുമായി ഫ്ളക്സ്
Tuesday, May 20, 2025 2:17 AM IST
പാലക്കാട്: മുണ്ടൂരിൽനിന്നുള്ള പ്രമുഖ സിപിഎം നേതാവ് പി.എ. ഗോകുൽദാസിനെതിരേ ഫ്ളക്സ്. ഈ വിഴുപ്പ് താങ്ങാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ആകുമോ എന്ന പേരിലാണ് കോങ്ങാട് ഭാഗത്തു ഫ്ളക്സ് സ്ഥാപിച്ചത്. രക്തസാക്ഷി കെ.സി. ബാലകൃഷ്ണന്റെ പേരിൽ തട്ടിപ്പുനടത്തിയ വഞ്ചകനാണ് ഗോകുൽദാസെന്നും ആരോപണമുണ്ട്.
പാർട്ടി അന്വേഷണം നടക്കട്ടെയെന്നും വിജിലൻസ് അന്വേഷണം അനിവാര്യമെന്നും ഫ്ളക്സിൽ ആവശ്യപ്പെടുന്നു. കോങ്ങാട് ബ്രാഞ്ച് സെക്രട്ടറി മുതൽ മുകളിലേക്കുള്ള നേതാക്കളുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കണമെന്നും ബോർഡിലുണ്ട്.
ബോർഡുകൾ സിപിഎം പ്രവർത്തകർ എടുത്തുമാറ്റി. സാന്പത്തികക്രമക്കേടിൽ ഗോകുൽദാസിന് എതിരേ സിപിഎം അന്വേഷണം തുടരുന്നതിനിടെയാണ് ഫ്ളക്സ് ബോർഡുകൾ ഉയർന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ഗോകുൽദാസ്.
ഇത്തവണത്തെ സമ്മേളനത്തിൽ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് ഗോകുൽദാസ് മത്സരിച്ചിരുന്നു. മുന്പ് വിഎസ് പക്ഷക്കാരനായിരുന്ന ഗോകുൽദാസിന് 45 അംഗ ജില്ലാ കമ്മിറ്റിയിൽ ഏഴു വോട്ടു മാത്രമാണു ലഭിച്ചത്.
മുണ്ടൂരിൽ മുന്പ് പാർട്ടിക്കെതിരേ പൊതുസമ്മേളനം വിളിച്ചുചേർത്തു പരസ്യപ്രതിഷേധം ഉയർത്തിയ നേതാവാണ് ഇദ്ദേഹം. പിന്നീട് പാർട്ടി ഗോകുൽദാസ് അടക്കമുള്ളവരെ അനുനയിപ്പിച്ചു നിർത്തുകയായിരുന്നു. ഈ സംഭവത്തിനുശേഷം ഗോകുൽദാസിനു ജില്ലാ കമ്മിറ്റിയിൽനിന്ന് സ്ഥാനക്കയറ്റം നൽകിയിരുന്നില്ല.