മൂന്നാം പിണറായി സർക്കാരെന്ന പ്രചാരണം സ്വപ്നമായി അവശേഷിക്കും: അടൂർ പ്രകാശ്
Sunday, May 18, 2025 2:57 AM IST
തിരുവനന്തപുരം: കേരളമെന്പാടുമുള്ള സിപിഎമ്മിന്റെ കള്ളവോട്ടുകളെ തകർക്കുമെന്നും ഇതുവഴി മൂന്നാം പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രചാരണം സ്വപ്നമായി അവശേഷിക്കുമെന്നും യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ്.
കേരളത്തിൽ പല നിയോജകമണ്ഡലങ്ങളിലും പരിശോധന നടത്തിയപ്പോൾ കള്ളവോട്ടുകളും ഇരട്ടവോട്ടുകളും അടക്കമുള്ള കള്ളത്തരങ്ങൾ ഉണ്ടെന്നു കണ്ടെത്താനായിട്ടുണ്ടെന്നും പത്രസമ്മേളനത്തിൽ അടൂർ പ്രകാശ് പറഞ്ഞു.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ 2019ൽ താൻ ആദ്യം മത്സരിക്കുന്പോൾ 1.19 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നാണു കണ്ടെത്തിയത്. കളക്ടർക്കും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും നിർദേശം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തൽ ശരിവച്ചിരുന്നു. എന്നിട്ടും പേരിനുവേണ്ടി 3000- 4000 വോട്ടുകൾ മാത്രമാണ് ഒഴിവാക്കിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ടവോട്ടുകളുടെ എണ്ണം 1.64 ലക്ഷമായി ഉയർന്നു.
സംസ്ഥാന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇരട്ട വോട്ടുകൾ ഒഴിവാക്കാനും പട്ടിക ശുദ്ധീകരിക്കാനും ഉദ്യോഗസ്ഥർ തയാറായില്ല. നിരന്തര സമ്മർദത്തിനൊടുവിൽ വോട്ടെടുപ്പു കേന്ദ്രങ്ങളിൽ വെബ് കാമറ സ്ഥാപിച്ചതോടെയാണ് ഒരുപരിധി വരെ സിപിഎമ്മിന്റെ കള്ളവോട്ടുകൾ തടയാനായതും ആറ്റിങ്ങലിൽ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാനായതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ജി. സുധാകരന്റെ നിഷ്കളങ്കതകൊണ്ടാണ് സിപിഎമ്മിന്റെ കള്ളവോട്ടിന്റെ കാര്യം പുറത്തു പറയുന്നത്.
യുഡിഎഫ് വിപുലീകരണം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവരുമായി കൂട്ടായി ചർച്ച ചെയ്തു തീരുമാനിക്കും. യുഡിഎഫിലേക്ക് ആരൊക്കെ വന്നാലും അവരെ എടുക്കുന്ന കാര്യം കൂട്ടായി ആലോചിച്ചു തീരുമാനിക്കും.
കേരള കോണ്ഗ്രസ്- എമ്മിനെ യുഡിഎഫിന്റെ ഭാഗമാക്കാൻ മുൻകൈ എടുക്കുമോ എന്ന ചോദ്യത്തിന് കൂട്ടായി ആലോചിച്ച് യുക്തമായ സമയത്ത് യുക്തമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.