മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ വനംവകുപ്പ് അട്ടിമറിക്കുന്നു: കത്തോലിക്ക കോണ്ഗ്രസ്
Saturday, May 17, 2025 2:06 AM IST
പാലക്കാട്: മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾപോലും വനംവകുപ്പ് അട്ടിമറിക്കുന്നുവെന്നു കത്തോലിക്ക കോണ്ഗ്രസ്.
കൊല്ലപ്പെട്ട കാട്ടുപന്നിയുടെ പിറകേപോയി കർഷകരെ ബുദ്ധിമുട്ടിക്കരുതെന്നു മുഖ്യമന്ത്രി വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതു കേരളജനത കേട്ടതാണ്. എന്നിട്ടും വന്യമൃഗങ്ങൾ വിവിധ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്പോൾ കർഷകരെ പ്രതികളാക്കുന്ന സമീപനമാണു വനംവകുപ്പ് ഇപ്പോഴും തുടരുന്നത്.
മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും തീരുമാനങ്ങൾക്കെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥലോബി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണിത്. ഇതിനെതിരേ ശക്തമായ നടപടിയുണ്ടാകണമെന്ന്, കത്തോലിക്ക കോണ്ഗ്രസ് അന്താരാഷ്ട്രസമ്മേളനത്തിനു മുന്നോടിയായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.
സാധാരണക്കാരുടെ കാര്യത്തിൽമാത്രമാണു വനംവകുപ്പിന്റെ നിയമം കർശനമാകുന്നത്. വന്യമൃഗങ്ങൾ ഉദ്യോഗസ്ഥർക്കെതിരേ തിരിഞ്ഞാൽ അവയെ കൊല്ലാൻ അവർക്കു മടിയില്ല. വന്യമൃഗഭീഷണിയിൽ കൃഷിചെയ്യാൻ പറ്റാതെയും വില ലഭിക്കാതെയും കർഷകർ ദുരിതത്തിലാണ്.
ക്രൈസ്തവസമുദായത്തിന്റെ പ്രശ്നപരിഹാരത്തിനായി സർക്കാർതന്നെ വർഷങ്ങൾക്കുമുന്പേ നിയമിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഇന്നും പുറത്തുവിട്ടിട്ടില്ല.
സമുദായത്തിനുനേരെയുള്ള അടിച്ചമർത്തലും അധിനിവേശവും വച്ചുപൊറുപ്പിക്കില്ല. വിശ്വാസത്തെ അവഹേളിക്കരുത്. വിലകൊടുത്തുവാങ്ങിയ ഭൂമിക്കു രേഖാപരമായ അവകാശം കിട്ടുംവരെ മുനന്പം പ്രശ്നത്തിൽ സമരം തുടരും.
സർക്കാർ ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ലെന്നും, കർഷകസമൂഹത്തിന്റെ വേദനകൾ മനസിലാകാത്ത സർക്കാരുകൾക്കു തെരഞ്ഞെടുപ്പുകളിലൂടെ മറുപടി നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.