ഇഡി കേസ് ഒഴിവാക്കുന്നതിന് പണം ആവശ്യപ്പെട്ടു; രണ്ടുപേര്‍ വിജിലന്‍സ് പിടിയില്‍
Saturday, May 17, 2025 2:06 AM IST
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസ് ഒഴിവാക്കുന്നതിന് രണ്ടു കോടി കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേരെ വിജിലന്‍സ് പിടികൂടി. തമ്മനം സ്വദേശി വില്സൻ, രാജസ്ഥാന് സ്വദേശി മുരളി മുകേഷ് എന്നിവരെയാണ് രണ്ടു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം വിജിലന്‍സ് യൂണിറ്റ് പിടികൂടിയത്.
കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയാണു പരാതിക്കാരൻ. കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവര്‍ കൂടുതലാണെന്നും കണക്കുകളില്‍ വ്യാജ രേഖകള്‍ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നതെന്നും മറ്റും കാണിച്ച് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍നിന്നും കഴിഞ്ഞവര്‍ഷം സമന്‍സ് ലഭിച്ചിരുന്നു.
ഇതുപ്രകാരം കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാന്‍ ആവശ്യപ്പെടുകയും അല്ലാത്തപക്ഷം കേസെടുക്കുമെന്നും പറഞ്ഞിരുന്നു.
തുടര്‍ന്ന് ഇഡി ഓഫീസിലെ ഏജന്റാണെന്നു പറഞ്ഞ് വില്സൻ പരാതിക്കാരനെ പലപ്രാവശ്യം ഫോണില്‍ വിളിക്കുകയും നേരില്‍ക്കണ്ടു കേസില്‍നിന്ന് ഒഴിവാക്കുന്നതിന് രണ്ടു കോടി ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുവെന്നും പറഞ്ഞു.
ഇഡി ഓഫീസുമായുള്ള ബന്ധം തെളിയിക്കുന്നതിലേക്ക് ഓഫീസില്‍നിന്നു വീണ്ടും സമന്‍സ് അയപ്പിക്കാമെന്ന് വില്സൻ പറഞ്ഞതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ 14ന് വീണ്ടും പരാതിക്കാരന് സമന്‍സ് ലഭിച്ചു. പിന്നീട് പരാതിക്കാരനെ നേരില്‍ക്കണ്ടു കേസ് സെറ്റില്‍ ചെയ്യുന്നതിന് 50 ലക്ഷം രൂപവീതം നാലു തവണകളായി രണ്ടു കോടി ആക്സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
കൂടാതെ രണ്ടു ലക്ഷം രൂപ പണമായി നേരിട്ട് വില്‍സനെ ഏല്‍പ്പിക്കണമെന്നും 50,000 രൂപകൂടി അധികമായി അക്കൗണ്ടില്‍ ഇട്ടു നല്‍കണമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പര്‍ പരാതിക്കാരന് കൈമാറുകയും ചെയ്തു.
കൈക്കൂലി നല്കി കാര്യം സാധിക്കുന്നതിന് താത്പര്യമില്ലാതിരുന്ന പരാതിക്കാരന് ഈ വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് പനമ്പള്ളിനഗറില്‍ വച്ച് പരാതിക്കാരനില്‍നിന്ന് 2,00,000 രൂപ കൈക്കൂലി വാങ്ങവെ വില്‍സനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി.
ഇയാളെ ചോദ്യം ചെയ്തതില്‍ മറ്റൊരു പ്രതിയായ രാജസ്ഥാന് സ്വദേശി മുരളി മുകേഷിന്റെ പങ്ക് വെളിവാകുകയും ഇയാളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.