ഉപ്പ് വെള്ളം കയറിയ കുട്ടനാട് പാടശേഖരങ്ങളിലെ നെല്ല് കൃഷിവകുപ്പ് സംഭരിക്കും
Friday, May 16, 2025 2:26 AM IST
തിരുവനന്തപുരം: ഉപ്പുവെള്ളം കയറിയ കുട്ടനാട് പാടശേഖരങ്ങളിലെ നെല്ല് കൃഷി വകുപ്പ് സംഭരിക്കുമെന്നു മന്ത്രി പി. പ്രസാദ്. ഇതിനായി കൃഷി വകുപ്പിന് ആദ്യഘട്ടമായി മൂന്നു കോടി രൂപ പ്രത്യേക പാക്കേജായി സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
കുട്ടനാട്ടിലെ ചില പാടശേഖരങ്ങളില്‍ ഉപ്പു വെള്ളം കയറിയതിനെ തുടര്‍ന്ന് നെല്ലു സംഭരണത്തില്‍നിന്ന് മില്ലുകള്‍ പിന്മാറിയ സാഹചര്യത്തിലാണു പ്രത്യേക പാക്കേജ് അനുവദിച്ചത്. കൃഷി വകുപ്പ് നേരിട്ട് സംഭരിക്കുന്ന നെല്ലിനാണു പ്രത്യേക പാക്കേജ്. പ്രതിസന്ധി നേരിട്ട മേഖലകളിൽ ഒരാഴ്ചയ്ക്കകം നെല്ല് സംഭരണം പൂർത്തീകരിക്കാനാണു നിർദേശം നൽകിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
ഉപ്പു വെള്ളം കയറിയ പാടശേഖരങ്ങളിൽ ഉത്പാദിപ്പിച്ച നെല്ലിനു ഫെയര്‍ ആവറേജ് ക്വാളിറ്റി (എഫ്എക്യു) നിലവാരം ഇല്ലാത്ത സാഹചര്യത്തിൽ സപ്ലൈകോ മുഖേനയുള്ള നെല്ലുസംഭരണം സാധ്യമാവാതെ വന്ന സാഹചര്യത്തിൽ സമയബന്ധിതമായി നെല്ല് സംഭരിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന ഈ നെല്ല് സംഭരിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഗുണ നിലവാരം കൃഷി വകുപ്പ് ഉറപ്പാക്കി കൃഷി വകുപ്പ് ഡയറക്ടർ നിശ്ചയിക്കുന്ന തുക സംഭരണ വിലയായി ലഭ്യമാക്കും.
നിലവിലുള്ള ചട്ടങ്ങൾ പ്രകാരം കൃഷി നാശത്തിന്റെ നഷ്ടപരിഹാരം നിശ്ചയിക്കുവാൻ കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.