ദേശീയത വളർത്തുന്നതിൽ ദീപികയുടെ പങ്ക് പ്രശംസനീയം: ഗവർണർ
Sunday, May 18, 2025 2:58 AM IST
കോട്ടയം: ദേശീയത വളർത്തുന്നതിൽ ദീപികയുടെ പങ്ക് പ്രശംസനീയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. 139-ാം വാര്ഷികാഘോഷിക്കുന്ന ദീപിക മലയാളികളുടെ ആത്മാഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ദീപികയുടെ 139-ാം വാര്‍ഷികാഘോഷവും എക്സലന്‍സ് അവാര്‍ഡ് ദാനവും കുമരകം ബാക് വാട്ടര്‍ റിപ്പിള്‍സ് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍ അര്‍ലേക്കര്‍.
പാരമ്പര്യമുള്ള മാധ്യമം എന്ന നിലയില്‍ ഇന്ത്യന്‍ ദേശീയതയും ഒരുമയും കെട്ടിയുറപ്പിക്കുന്നതിലും പ്രഘോഷിക്കുന്നതിലും ജനങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നതിലും ദീപിക വലിയ പങ്കാണ് വഹിച്ചത്. ഇക്കാര്യത്തില്‍ ദീപികയുടെ മാധ്യമസേവനം പ്രശംസനീയമാണ്.
ഒരുമിച്ച് ചിന്തിക്കുക, ഒരുമിച്ച് സഞ്ചരിക്കുക, ഒരുമിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുക-ഇതായിരിക്കണം നമ്മള് ഓരോരുത്തരുടെയും വികാരം. ദീപികയും രാഷ്ട്രദീപിക കമ്പനിയും ഒരൊറ്റ രാജ്യം ഒരൊറ്റ ജനത എന്ന വികാരം പുലര്‍ത്താനും രാജ്യത്തെ ശക്തമാക്കാനും ഇനിയും പങ്കു വഹിക്കണം. ഇതുവരെ വഹിച്ച പങ്ക് മഹത്തരമാണ്.
വര്‍ഗം, വര്‍ണം തുടങ്ങിയ ചിന്തകള്‍ക്കപ്പുറം ഒരൊറ്റ ഇന്ത്യ എന്ന ചിന്തയായിരിക്കണം നമ്മളെ എല്ലാവരെയും ഭരിക്കേണ്ടത്. മഹത്തായ ഇന്ത്യ, ശക്തമായ ഇന്ത്യ എന്ന വികാരം എപ്പോഴും മനസില്‍ കരുതണം, കാഷ്മീര്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന സഹോദരങ്ങൾ അനുഭവിക്കുന്ന വേദന നമുക്ക് അറിയാവുന്നതാണ്. അവര്‍ക്ക് കരുതലും പിന്തുണയും കൊടുക്കേണ്ട സമയമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ജാതി മത വര്‍ഗ ഭേദമന്യേ ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി ഉറച്ച നിലപാടോടെയും ശക്തമായ ഒരുമയോടെയും ഇന്ത്യന്‍ ജനത നില്‍ക്കണമെന്നും ദേശീയതയാണ് ഏറ്റവും വലിയ വികാരമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. അസത്യങ്ങള്‍ പെരുകുകയും പ്രചരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് സത്യത്തിന്റെ ശബ്ദമാണ് ദീപികയെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനം ഇന്നും സമൂഹത്തെ ദീപിക ബോധ്യപ്പെടുത്തുന്നു. നവോത്ഥാന ചരിത്രം പഠിക്കുന്നവര്‍ ദീപികയുടെ ചരിത്രംകൂടി പഠിക്കണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ദേശാഭിമാന പ്രചോദിതമായ പ്രവര്‍ത്തനമാണ് ദീപികയുടേതെന്നും വിദ്യാഭ്യാസ, കാര്‍ഷിക മേഖലയില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ ദീപിക മുന്‍പന്തിയിലാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി വി.എന്‍. വാസവന് പ്രസ്താവിച്ചു.
മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും ഉന്നതിക്കും വലിയ സംഭാവന നല്കിയ ദീപിക വാർത്തകള്‍ക്കൊപ്പം വസ്തുതകളും ജനപക്ഷത്തുനിന്ന് അവതരിപ്പിക്കുന്ന പത്രമാണെന്ന് ചടങ്ങില്‍ പ്രഭാഷണം നടത്തിയ മന്ത്രി പി. പ്രസാദ് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിച്ച സ്റ്റാമ്പാണ് ദീപികയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പറഞ്ഞു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍ കൃതജ്ഞതയും പറഞ്ഞു.
ഹൊറൈസണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എബിന് എസ്. കണ്ണിക്കാട്ട്, ഡയമണ്ട് റോളര്‍ ഫ്ളവര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ. അമീര്‍ അലി, പാത്താമുട്ടം സെയിന്റ്ഗിറ്റ്സ് കോളജ് പ്രിന്‍സിപ്പല്‍ ടി. സുധ, സീക്യു കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജിബിന്‍ ബിനു ജോസഫ്, മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ, ഡോ. ജോര്‍ജ് ജോസഫ് പടനിലം, ചങ്ങനാശേരി ക്രിസ്തുജ്യോതി ഗ്രൂപ്പിനു വേണ്ടി ഫാ. വില്‍സണ്‍ ചാവറക്കുടിലില് സിഎംഐ, കൊല്ലം കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ വിന്നി വെട്ടുകല്ലേല്‍ എന്നിവര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ അര്‍ലേക്കര്‍ക്ക് ദീപികയുടെ ഉപഹാരം ആര്ച്ച്ബിഷഫ് മാര്‍ തോമസ് തറയില്‍ സമ്മാനിച്ചു.