രാജ്യത്തെ ആദ്യ ഹരിത ജല ആംബുലന്‍സ് കടമക്കുടിയില്‍
Sunday, May 18, 2025 2:57 AM IST
കൊച്ചി: കടമക്കുടി പഞ്ചായത്തിലെ ദ്വീപ് നിവാസികള്‍ക്കു വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ ആവിഷ്കരിച്ച രാജ്യത്തെ ആദ്യ ഹരിത ബോട്ട് ആംബുലന്‍സ് കം മെഡിക്കല്‍ ഡിസ്പെന്‍സറിയുടെ ഉദ്ഘാടനം ഇന്നു നടക്കും.
പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ഉച്ചയ്ക്ക് 12.30ന് മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും. യുണിഫീഡര് മേഖല ഡയറക്ടര്‍ സി.എം. മുരളീധരന് താക്കോല്‍ കൈമാറും.
പഞ്ചായത്തിലെ 13 കൊച്ചുദ്വീപുകളിലിലായി 2400ഓളം താമസക്കാര്‍ക്കു ചികിത്സ ലഭ്യമാക്കാന്‍ ആഴ്ചയില്‍ ആറുദിവസവും ജല ആംബുലന്‍സിന്റെ സേവനം ലഭ്യമാകും. ഒപി കൺസള്‍ട്ടേഷനും അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ആംബുലന്‍സ് ഡിസ്പെന്സറിയിലുണ്ട്.
പിഴല, മൂലമ്പിള്ളി, കോതാട്. ചേന്നൂര്‍, കരിക്കാംതുരുത്ത്, കണ്ടനാട്, പാലിയംതുരുത്ത്, പുതുശേരി, ചരിയംതുരുത്ത്, വലിയ കടമക്കുടി. ചെറിയ കടമക്കുടി, മുറിക്കല്‍, കോരാമ്പാടം എന്നിവടങ്ങളില്‍ ആഴ്ചയില്‍ ഒരിക്കല്‍ മെഡിക്കല്‍ സ്റ്റാഫ് സന്ദര്‍ശിച്ചു പരിശോധിച്ച് മരുന്നും മറ്റു ചികിത്സയും ലഭ്യമാക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെയാണ് ഡിസ്പെന്സറുടെ സേവനം ലഭിക്കുക.
യൂണിഫീഡര്‍ എന്ന ലോജിസ്റ്റിക്സ് കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായാണു മറൈന്‍ ആംബുലന്‍സ് നീറ്റിലിറക്കുന്നത്. പ്ലാന്‍ അറ്റ് എര്‍ത്ത് എന്ന സാമൂഹ്യ സംഘടനയ്ക്കാണ് രണ്ടുവര്‍ഷത്തേക്ക് പദ്ധതിയുടെ നടത്തിപ്പ് ചുമതല. അതിനുശേഷം ആംബുലന്‍സ് ഡിസ്പന്‍സറി കടമക്കുടി പഞ്ചായത്തിന് കൈമാറും.