കടുവ കാണാമറയത്ത്; രണ്ടാം ദിനവും ദൗത്യസംഘം മടങ്ങി
Sunday, May 18, 2025 2:58 AM IST
ഉമ്മച്ചൻ തെങ്ങുംമൂട്ടിൽ
കാളികാവ്: കാളികാവ് അടയ്ക്കാക്കുണ്ടിലെ നരഭോജിക്കടുവയെ കണ്ടെത്താൻ വനപാലകർ രണ്ടാംദിനത്തിൽ നടത്തിയ തെരച്ചിലും വിഫലമായി. വനപാലകർ കാളികാവ് പാറശേരി റാവുത്തൻ കാട്ടിൽ സ്ഥാപിച്ച കാമറക്കണ്ണിൽ ഒരു മിന്നായം പോലെ വന്ന് കടുവ കാണാമറയത്തേക്ക് മറഞ്ഞു.
കടുവയെ തെരഞ്ഞുപോയ വനപാലക ദൗത്യസംഘം കനത്ത മഴയെത്തുടർന്ന് ഇന്നലെ നിരാശരായി മലയിറങ്ങി. കടുവ കടിച്ചുകൊന്ന അബ്ദുൾ ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് സ്ഥാപിച്ച കാമറയിൽ കടുവയുടെ സാന്നിധ്യം കണ്ടതായി സ്ഥിരീകരിച്ചതോടെ ഇന്നലെ ഉച്ചമുതൽ ദൗത്യസംഘം ജാഗ്രതയോടെ പ്രദേശമാകെ അരിച്ചുപെറുക്കി. വൈകുന്നേരം നാലിന് അടക്കാക്കുണ്ട് പാറശേശി മേഖലയിൽ കനത്ത മഴ ആരംഭിച്ചതോടെ തെരച്ചിൽ മതിയാക്കി സംഘം മടങ്ങുകയായിരുന്നു.
റാവുത്തൻകാട് പ്രദേശം മണ്ണിടിച്ചിലിന് സാധ്യതയുള്ള ചെങ്കുത്തായ കയറ്റിറക്കമുള്ള മലയായതിനാൽ മഴയും ഇരുട്ടും തെരച്ചിലിനു വിഘാതമായി. വൈകുന്നേരം അഞ്ചുവരെ തെരച്ചിൽ സംഘത്തോടൊപ്പമുണ്ടായിരുന്ന സംഘത്തലവൻ നിലന്പൂർ സൗത്ത് ഡിഎഫ്ഒ ജി.
ധനിക് ലാൽ സ്ഥലമാറ്റത്തെത്തുടർന്ന് സംഘാംഗങ്ങളോട് യാത്ര പറഞ്ഞ് നിലന്പൂരിലേക്ക് മടങ്ങിയത് തിരിച്ചടിയായി.
കടുവയെ കാമറയിൽ കണ്ടെന്നും തലേന്ന് രാത്രിയിലെ ദൃശ്യമായിരുന്നു അതെന്നും ഗഫൂറിനെ കൊലപ്പെടുത്തിയ പ്രദേശത്തിനടുത്തു സ്ഥാപിച്ച കാമറയിലാണ് ചിത്രം പതിഞ്ഞതെന്നും സൈലന്റ് വാലി നാഷണൽ പാർക്കിന്റെ പരിധിയിൽ ഉണ്ടായിരുന്ന കടുവയാണെന്ന് വ്യക്തമായതായും കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിച്ച് തെരച്ചിൽ തുടരുമെന്നും വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുണ് സഖറിയ പറഞ്ഞു.
അപ്രതീക്ഷിതമായി സംഘത്തലവനെ മാറ്റിയതിൽ തെരച്ചിൽ സംഘത്തിലെ ഒട്ടുമിക്ക പേർക്കും നിരാശയും അഭിപ്രായ വ്യത്യാസവും ഉണ്ടെങ്കിലും ആരുമത് പരസ്യമായി പ്രകടിപ്പിക്കുന്നില്ല.
ഇതിനിടെ ദൗത്യത്തിനായി എത്തിച്ച രണ്ടു കുങ്കിയാനകൾ പാറശേരി മൈലാടി സ്കൂൾ വളപ്പിലാണ്.ഇവിടെ നിന്ന് ആനകളെ മാറ്റാൻ സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരം തീരുമാനമായി.