ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദന്പതികൾ മരിച്ചു
Sunday, May 18, 2025 2:57 AM IST
കൂത്തുപറമ്പ്: ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ മരിച്ചു. ബൗഷറിലെ റസ്റ്ററന്റിൽ കഴിഞ്ഞ 10ന് പുലര്‍ച്ചെയായിരുന്നു അപകടം.
കതിരൂർ ആറാംമൈല്‍ ജാൻ ഹൗസിൽ വി. പങ്കജാക്ഷന് (59), ഭാര്യ കെ. സജിത (53) എന്നിവരാണു മരിച്ചത്. വര്‍ഷങ്ങളായി ഒമാനിലെ വിവിധ കമ്പനികളിലായി അക്കൗണ്ടിംഗ് ജോലി ചെയ്തുവരികയായിരുന്നു ദമ്പതികള്‍. പാചകവാതക ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്ഫോടനമാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന റസ്റ്ററന്റിന്റെ മുകൾനിലയിലായിരുന്നു പങ്കജാക്ഷനും ഭാര്യയും താമസിച്ചിരുന്നത്. സ്ഫോടനത്തത്തുടര്ന്ന് കെട്ടിടം ഭാഗികമായി തകര്‍ന്നുവീഴുകയായിരുന്നു.
മസ്കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന് രക്ഷിക്കാനായില്ല. ഏകമകൾ ബവിഷ ചെന്നൈയിൽ എൻജിനിയറിംഗ് വിദ്യാർഥിയാണ്.