കാറുകള്‍ ഉരസിയതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി
Friday, May 16, 2025 2:36 AM IST
കൊച്ചി: നെടുമ്പാശേരിയില്‍ കാറുകള്‍ ഉരസിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി. തുറവൂര്‍ ഗവ. ആശുപത്രിക്കു സമീപം അരിശേരി വീട്ടില്‍ ജിജോ ജയിംസിന്റെ മകന് ഐവിന് ജിജോ (25) ആണു കൊല്ലപ്പെട്ടത്.
സംഭവത്തില്‍ സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍ ദാസ് (38), കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ (31) എന്നിവരെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ഇരുവരും കൊച്ചി വിമാനത്താവളത്തിലാണു ജോലി ചെയ്യുന്നത്.
നെടുമ്പാശേരിയിലെ കാസിനോ എയര്‍ കാറ്ററേഴ്സ് ആന്‍ഡ് ഫ്ലൈറ്റ് സര്‍വീസസ് എന്ന കാറ്ററിംഗ് സ്ഥാപനത്തിലെ ഷെഫാണു കൊല്ലപ്പെട്ട ഐവിന്. ബുധനാഴ്ച രാത്രി പത്തോടെ നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡിലായിരുന്നു സംഭവങ്ങളുടെ തുടക്കം.
തുറവൂരിലെ വീട്ടില്‍നിന്നു ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു ഐവിന്. സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും ഒരേ ദിശയിലാണു സഞ്ചരിച്ചിരുന്നത്. നായത്തോട് തോമ്പ്ര റോഡില്‍വച്ച് ഐവിന്റെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെയും കാറുകള്‍ തമ്മില്‍ ഉരസി. ഇതോടെ കാറില്‍നിന്ന് ഇരുകൂട്ടരും പുറത്തിറങ്ങി വാക്കുതര്‍ക്കമായി. ഇതിനിടെ, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിനു മുന്നില്‍ നിന്നു സംസാരിക്കുകയായിരുന്ന ഐവിനെ കാര്‍ ഇടിപ്പിച്ചു.
ബോണറ്റിലേക്കു വീണ ഐവിൻ ബോണറ്റില്‍ പിടിച്ചുകിടന്ന് നിലവിളിച്ചെങ്കിലും പ്രതികള്‍ അമിതവേഗത്തില്‍ ഒരു കിലോമീറ്ററോളം ദൂരം കാര്‍ ഓടിച്ചുപോയി. സംഭവം കണ്ട ചിലര്‍ കാറിനെ പിന്തുടര്ന്നു. സെന്റ് ജോണ്‍സ് യാക്കോബായ ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയ്ക്കുമിടയില്‍ കാര്‍ പെട്ടെന്നു നിര്‍ത്തിയപ്പോള്‍ റോഡിലേക്കു വീണ ഐവിന്റെ ദേഹത്തുകൂടി കയറ്റിവിടുകയായിരുന്നു.
അടിയില്‍ കുടുങ്ങിയ ഐവിനെ 20 മീറ്ററോളം വലിച്ചിഴച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ രക്തത്തിൽ കുളിച്ച് ഐവിൻ റോഡില്‍ വീണുകിടക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പിന്നീട് കാറിനു പുറത്ത് റോഡില്‍ വീണ നിലയില്‍ കണ്ടെത്തിയ വിനയകുമാറിനെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സ നല്‍കിയശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെട്ട മോഹന്‍കുമാറിനെ പിന്നീട് സിഐഎസ്എഫ് ഓഫീസില്‍നിന്ന് കസ്റ്റഡിയിലെടുത്തു.
റൂറല്‍ എസ്പി എം. ഹേമലതയുടെ നേതൃത്വത്തില്‍ സംഭവസ്ഥലം സന്ദർശിച്ചു പരിശോധന നടത്തി. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയിൽ നടക്കും.
അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ സീനിയർ ഫിസിയോതെറാപ്പിസ്റ്റാണ് ഐവിന്റെ പിതാവ് ജിജോ ജെയിംസ്. അമ്മ റോസ്മേരി പാലാ ചേർപ്പുങ്കൽ മാര്‍ സ്ലീവ ആശുപത്രിയില്‍ ഓപ്പറേഷന് തിയറ്റര്‍ മാനേജരാണ്. സഹോദരി: അലീന ജിജോ (ബംഗളൂരു നാറ്റ് വെസ്റ്റ് ഗ്രൂപ്പ് ഓഫ് ബാങ്കിംഗ്).