അറസ്റ്റിലായ പ്രതികൾ വിജിലൻസ് കസ്റ്റഡിയിൽ
Sunday, May 18, 2025 2:58 AM IST
മൂവാറ്റുപുഴ: ഇഡി കേസ് ഒഴിവാക്കാൻ കൊല്ലത്തെ കശുവണ്ടി വ്യവസായിയോട് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ രണ്ടും മൂന്നും നാലും പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വിട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവായി.
കേസുമായി ബന്ധപ്പെട്ട ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വിൽസണ്‍, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, കൊച്ചി വാരിയംറോഡ് സ്വദേശിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് ആർ. വാര്യർ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
രഞ്ജിത് വാര്യരുടെ നിര്‍ദേശപ്രകാരമാണ് പിടിയിലായ വില്‍സണും മുരളി മുകേഷും പ്രവര്‍ത്തിച്ചിരുന്നത്. കൊച്ചി ഇഡി ഓഫീസിലെ വിവരങ്ങള്‍ മറ്റു രണ്ടു പ്രതികള്‍ക്ക് നല്കി രണ്ടു കോടി രൂപ പരാതിക്കാരനില്‍ നിന്ന് ആവശ്യപ്പെടുന്നതിന് മുഖ്യസൂത്രധാരനായി പ്രവര്‍ത്തിച്ചത് രഞ്ജിത് വാര്യര്‍ ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിന്റെഅടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രഞ്ജിത് വാര്യരുടെ വസതിയിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി. നിര്‍ണായക രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
വിജിലൻസ് കസ്റ്റയിയിൽ വിട്ട പ്രതികളെ വ്യാഴാഴ്ച മൂവാറ്റുപുഴ കോടതിയിൽ ഹജരാക്കും.