സൗഹൃദം നടിച്ച് യുവതിയിൽനിന്നു 35 പവൻ തട്ടിയ യുവാക്കൾ അറസ്റ്റിൽ
Sunday, May 18, 2025 2:57 AM IST
പട്ടാന്പി: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം നടിച്ച് പട്ടാന്പി കൂട്ടുപാത സ്വദേശിയായ യുവതിയിൽനിന്ന് 35 പവൻ സ്വർണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ.
വടകര മയ്യന്നൂർ പാലോലപറന്പത്ത് മുഹമ്മദ് നജീർ (29), കണ്ണൂർ ഇരിട്ടി ഉളിക്കൽ നുച്ചിയാട് പൂമാനിച്ചി മുബഷിർ (31) എന്നിവരെയാണു പട്ടാന്പി പോലീസ് ഇൻസ്പെക്ടർ എസ്. അൻഷാദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
വടകര സ്വദേശിയായ മുഹമ്മദ് നജീർ ജ്വല്ലറി ഉടമയെന്ന വ്യാജേന യുവതിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടശേഷം പഴയ സ്വർണം കാണിച്ചുകൊടുത്താൽ പകരം പണവും കൊടുത്ത സ്വർണവും നൽകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ചു. പിന്നീട് കണ്ണൂർ ഉളിക്കൽ സ്വദേശിയായ മുബഷിറുമൊന്നിച്ച് 14നു പട്ടാന്പിയിൽ എത്തി യുവതിയിൽനിന്നു 35 പവൻ സ്വർണാഭരണം വാങ്ങി കടന്നുകളയുകയായിരുന്നു.
സമാനരീതിയിൽ തട്ടിപ്പുനടത്തിയതിനു മുഹമ്മദ് നജീറിനെതിരേ കുറ്റ്യാടി, വളയം, തലശേരി, വടകര പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. കൂട്ടുപ്രതിയായ മുബഷിർ എംഡിഎംഎ കടത്ത്, അടിപിടി തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്. അറസ്റ്റുചെയ്ത പ്രതികളെ പട്ടാന്പി കോടതി റിമാൻഡ് ചെയ്തു.