ഇനി വന്യജീവിശല്യം ഉണ്ടാകില്ലെന്ന് വിമർശകർ ഉറപ്പു തന്നാൽ രാജിക്കു തയാർ: മന്ത്രി ശശീന്ദ്രൻ
Sunday, May 18, 2025 2:57 AM IST
കണ്ണൂർ: തന്നെയും വകുപ്പിനെയും വിമർശിക്കുന്നവർ ഇനിയൊരു വന്യജീവി ആക്രമണം ഉണ്ടാകില്ലെന്ന് ഗാരന്റി തന്നാൽ മന്ത്രിസ്ഥാനം രാജിവയ്ക്കാമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഭരണപക്ഷത്തുള്ളവർ തന്നെ കുറ്റപ്പെടുത്തൽ നടത്തുന്നതിൽ പരിഭവമുണ്ടെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.
കാളികാവിലെ നരഭോജിക്കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ നിലമ്പൂർ സൗത്ത് ഡിഎഫ്ഒയെ സ്ഥലം മാറ്റിയത് ഉദ്യോഗസ്ഥതലത്തിലെ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ്.
നേരത്തേ ഇദ്ദേഹത്തെ ഹെഡ് ക്വാർട്ടറിലേക്ക് മാറ്റണമെന്ന് അഭിപ്രായമുണ്ടായിരുന്നു. രാഷ്ട്രീയപാർട്ടികളും എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റുമടക്കം ഉദ്യോഗസ്ഥരെ പരുഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇവർ തന്നെയാണോ സ്ഥലംമാറ്റിയ നടപടി മോശമായിപ്പോയെന്ന നിലപാട് എടുത്തതെന്ന് മാധ്യമങ്ങൾ കൂടി അന്വേഷിക്കണം.
കോന്നിയിൽ ബഹുജന പ്രക്ഷോഭമുണ്ടായപ്പോൾ അതിനൊപ്പം നിൽക്കാൻ കെ.യു. ജനീഷ് കുമാർ എംഎൽഎ ബാധ്യസ്ഥനാവുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് നിഷ്പക്ഷമായി പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകണം. എന്നാൽ, പാളിച്ച വരുമ്പോൾ ശ്രദ്ധിക്കുകയും വേണം.
എംഎൽഎയുടെ പെരുമാറ്റം സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരേ നാട്ടുകാരും കേസുകൊടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി വീഴ്ചയുണ്ടെന്ന് വ്യക്തമായാൽ വനംവകുപ്പ് നടപടിയെടുക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വകുപ്പ് അന്വേഷിക്കും.
മലയോര മേഖലയിലെ പ്രവർത്തനങ്ങളിലെ പരസ്പര വിരുദ്ധമായ നിലപാടുകളെ ക്കുറിച്ച് പഠിക്കണം. കോന്നിയിൽ മനുഷ്യജീവൻ നഷ്ടമായെന്ന് പറഞ്ഞാണ് പ്രതിഷേധം. അവിടെ ഈയടുത്ത കാലത്തൊന്നും വന്യജീവി ആക്രമണം മൂലം മനുഷ്യജീവൻ നഷ്ടമായിട്ടില്ല. അവിടെ ഒരു ആന ചരിഞ്ഞത് അന്വേഷിക്കുന്ന നടപടിയാണ് ഉണ്ടായത്. അതെങ്ങനെ ജനവിരുദ്ധമാവും. എല്ലാ വകുപ്പുകളിലും ഉദ്യോഗസ്ഥർ പത്തര മാറ്റുള്ളവരല്ലെന്നും മന്ത്രി പറഞ്ഞു.
കടുവ ദൗത്യത്തിനിടെ ഡിഎഫ്ഒ ധനിക് ലാലിനെ സ്ഥലംമാറ്റി
നിലന്പൂർ: ടാപ്പിംഗ് തൊഴിലാളിയെ കൊന്നുതിന്ന കടുവയ്ക്കായി തെരച്ചിൽ ഊർജിതമാകുന്നതിനിടെ നിലന്പൂർ ഡിഎഫ്ഒ ജി. ധനിക് ലാലിനെ തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി വനംവകുപ്പ്. എസിഎഫ് കെ.രാകേഷിനാണ് പകരം ചുമതല.
കടുവയെ പിടികൂടാനുള്ള ദൗത്യത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്പോഴാണ് നടപടി. ഇത് ദൗത്യത്തെ ബാധിക്കുമെന്ന് വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുണ് സഖറിയ പറഞ്ഞു.
ദൗത്യത്തിന് നാഥനില്ലാത്ത അവസ്ഥ സർക്കാർ ഉണ്ടാക്കരുതെന്ന് വണ്ടൂർ എംഎൽഎ എ.പി. അനിൽ കുമാറും പറഞ്ഞു.