നിലവാരമില്ലാത്ത റെയില്‍വേ ഭക്ഷണം; പരിശോധനയും നടപടിയും പ്രഹസനം
Saturday, May 17, 2025 2:06 AM IST
റെജി ജോസഫ്
കോട്ടയം: ദിവസേന രണ്ടര കോടി യാത്രക്കാരുമായി പതിമൂവായിരം പാസഞ്ചര്‍ ട്രെയിനുകള്‍ 7325 സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ റെയില്‍വേ യ്ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംവിധാനങ്ങളില്ല.
പതിനൊന്നു ലക്ഷം ജീവനക്കാരുള്ള ഇന്ത്യന്‍ റെയില്‍വേ ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും ഗുണനിലവാര പരിശോനയ്ക്ക് ആശ്രയിക്കുന്നത് സ്വകാര്യ ലാബുകളെയാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിലയും ഏറ്റവും മോശവും ഭക്ഷണം നല്കുന്ന സംവിധാനമായി റെയില്‍വേ മാറുന്നു.
1500 കേറ്ററിംഗ് ഏജന്‍സികളാണ് ഭക്ഷണം എത്തിക്കാന്‍ റെയില്‍വേയില്‍നിന്ന് കരാറെടുത്തിരിക്കുന്നത്. ഇവയിലേറെയും വകുപ്പുതല ഉന്നതരുടെ ബെനാമികളും അടുപ്പക്കാരായ വ്യക്തികളും സ്ഥാപനങ്ങളുമാണ്. കോടികള്‍ മുടക്കി ശതകോടികള്‍ ലാഭമുണ്ടാക്കുന്ന ഈ കരാറുകാരില്‍ ഏറെപ്പേരും അടുക്കളയോ പാചകമോ ഇല്ലാത്ത അധോലോകമാണ്. ലേലത്തില്‍ കരാറെടുത്ത് ഉപകരാറുകാര്‍ക്കു നല്‍കുകയും അവര്‍ ഭക്ഷണം ട്രെയിനുകളില്‍ എത്തിക്കുകയും ചെയ്യുകയാണ് പതിവ്.
ഇത്തരമൊരു സംവിധാനമാണ് കഴിഞ്ഞ ദിവസം കൊച്ചി കടവന്ത്രയില്‍ ദുര്‍ഗന്ധം വമിക്കുന്ന മുറിയില്‍ വന്ദേഭാരത് ട്രെയിനിലേക്ക് ആഴ്ചകള്‍ പഴകിയ ഭക്ഷണം പായ്ക്ക് ചെയ്തു വച്ചത്. ദുര്ഗന്ധമുറികളില് എലിയും പാറ്റയും പഴുതാരയും നിറഞ്ഞ ചുറ്റുപാടുകളില്‍ ഇതരസംസ്ഥാന തൊഴിലാളികളാണ് യാതൊരു ശുചിത്വവുമില്ലാതെ ഭക്ഷണം തയാറാക്കുന്നത്. ഇവരില്‍ ഒരാള്‍ക്കും ഹെല്‍ത്ത് കാര്‍ഡോ റെയില്‍വേ നിര്‍ദേശിക്കുന്ന പാചകപരിചയമോ ഇല്ല.
പാചകക്കാര്‍ക്ക് നിര്ദേശിച്ചിക്കുന്ന ഡ്രസ് കോഡും പാലിക്കപ്പെടുന്നില്ല. തയാറാക്കുന്ന ഭക്ഷണം ആണ്ടിലൊരിക്കല്പോലും പരിശോധിക്കാന്‍ റെയില്‍വേയ്ക്ക് സംവിധാനമില്ല. ഒരു റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നു ഭക്ഷണം തയാറാക്കാന്‍ അടുക്കള സൗകര്യവുമില്ല.
ഉപകരാറുകാര്‍ എന്തു കൊടുത്താലും അതാണ് യാത്രക്കാര്‍ക്കു വിശപ്പും ദാഹവും അകറ്റാനുള്ളത്. ഇവരുടെ അടുക്കളയില്‍ നിരീക്ഷണ കാമറ വേണമെന്ന് നിര്‍ദേശം ഒരിടത്തും പാലിക്കപ്പെട്ടിട്ടുമില്ല. ഹോട്ടലുകളിലില്‍ മിച്ചം വരുന്ന ഭക്ഷണം ഉപകരാറുകാര്‍ വാങ്ങി ട്രെയിനുകളില്‍ വിതരണം ചെയ്യുന്നതായും പരാതിയുണ്ട്. അസൗകര്യങ്ങള്‍മൂലം പാന്‍ട്രി കാറുകളുള്ള ട്രെയിനുകളുടെ എണ്ണം കുറഞ്ഞുവരുന്നതിനാല്‍ ട്രെയിനില്‍ കിട്ടുന്നത് കൊള്ളവില കൊടുത്തു വാങ്ങിക്കഴിക്കുകയേ തരമുള്ളൂ.
ഭക്ഷണം ഉള്‍പ്പെടെ യാത്രാടിക്കറ്റ് സംവിധാനം വന്നതോടെയാണ് സംവിധാനം ആകെ കുഴഞ്ഞുമറിയുന്നത്. വന്ദേഭാരത് ഉള്‍പ്പെടെ ഏറെ ട്രെയിനുകളിലെയും കേറ്ററിംഗ് കരാര്‍ ഡല്‍ഹി ആസ്ഥാനമായ ഒരു കമ്പനിയും അതിനു കീഴിലുള്ള ബെനാമി കമ്പനികളും കൈവശപ്പെടുത്തിയിരിക്കുന്നു. വിലയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ നിശ്ചയിച്ചിരിക്കുന്ന നിലവാരവും അളവും ചായ, കാപ്പി എന്നിവയിലും പാലിക്കപ്പെടുന്നില്ല.
ട്രെയിനുകളിലെ ശൗചാലയങ്ങളോട് ചേര്‍ന്ന് വിതരണക്കാര്‍ ഭക്ഷണപ്പൊതികള്‍ വയ്ക്കുന്നത് മുന്‍പ് പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. ഭക്ഷണ കരാറുകള്‍ കൈകാര്യം ചെയ്യുന്ന റെയില്‍വേ കൊമേഴ്സ്യല്‍ വിഭാഗവും ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും (ഐആര്‍സിടിസി) കരാര്‍ തുക കൂട്ടുന്നതല്ലാതെ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നില്ല. യാത്രക്കാര്‍ തെളിവടക്കം പരാതിപ്പെട്ടാലും പിഴയടച്ചു കരാറുകാരനു വീണ്ടും ഭക്ഷണം വിതരണം തുടരാം. ഒരേ കരാറുകാരന് പല പേരുകളില്‍ എടുക്കുന്നതിനാല്‍ ഒരെണ്ണം റദ്ദാക്കപ്പെട്ടാലും കച്ചവടം തുടരാം.
ഫുഡ് സേഫ്റ്റി ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്കു ട്രെയിനുകളിലെ ഭക്ഷണം പരിശോധിക്കാമെങ്കിലും ശിക്ഷ പിഴയില്‍ ഒതുങ്ങും. കരാറുകാര്‍ മാത്രമല്ല റെയില്‍ സ്റ്റേഷനിലെ ഭക്ഷ്യശാലകളിലും പരിശോധനകള്‍ പ്രഹസനമാണ്.
മായം കലർന്ന ഭക്ഷണം വിതരണം ചെയ്യുന്നവർക്കെതിരേ കർശന നടപടി വേണമെന്ന് എംപിമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മായം കലർന്നതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണം വിതരണം ചെയ്യുന്നവർക്കെതിരേ കർക്കശ നടപടി സ്വീകരിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ എംപിമാരുടെ യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്.
ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകുന്നവരുടെ പേരിൽ പിഴ ചുമത്തുന്നതിൽ മാത്രം നടപടി ഒതുങ്ങരുത്. പഴകിയതും ഗുണനിലവാരം ഇല്ലാത്തുമായ ഭക്ഷണം വിതരണം ചെയ്യുന്നവർക്കെതിരേ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കർശന ശിക്ഷാ നടപടി സ്വീകരിക്കണം. വന്ദേഭാരത് ട്രെയിനിൽ പഴകിയ ഭക്ഷണ പദാർഥങ്ങൾ വിതരണം ചെയ്തത് കണ്ടെത്തിയിരുന്നു.
അന്പലപ്പുഴ- തുറവൂർ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അന്തിമാനുമതി അനിശ്ചിതമായി വൈകുന്നത് നീതീകരിക്കാൻ ആകില്ലെന്നും ഇക്കാര്യത്തിലുള്ള തടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും കെ.സി. വേണുഗോപാൽ എംപി യോഗത്തിൽ ആവശ്യപ്പെട്ടു.
നടപടിക്രമങ്ങൾ വൈകുന്നതിലെ പോരായ്മകൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടൽ ദക്ഷിണ റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.